തിരുവനന്തപുരം
നായകന്റെ മൃതദേഹം അനാഥമായി ആശുപത്രി മോർച്ചറിയിൽ. ഒ ചന്തുമേനോന്റെ നോവലിനെ ആധാരമാക്കി കലാനിലയം കൃഷ്ണൻനായർ സംവിധാനംചെയ്ത ‘ഇന്ദുലേഖ’ സിനിമയിലെ മാധവനായ രാജ്മോഹനാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ മരിച്ചത്. പുലയനാർകോട്ട ഗവ. കെയർഹോം അന്തേവാസിയായിരുന്നു. മെയ് 25ന് ആണ് കെയർ ഹോമിൽ എത്തിയത്.
കലാനിലയം കൃഷ്ണൻ നായരുടെ മരുമകൻ കൂടിയായിരുന്നു രാജ്മോഹൻ. കൃഷ്ണൻ നായർ ആദ്യ സിനിമയിലെ നായകനുവേണ്ടി പത്രപ്പരസ്യം ഉൾപ്പെടെ നൽകിയെങ്കിലും ഒടുവിൽ മകളുടെ ഭർത്താവായ രാജ്മോഹനെ നായകനാക്കുകയായിരുന്നു. കലാനിലയം തിയറ്റേഴ്സാണ് സിനിമ നിർമിച്ചത്. രാജ്മോഹൻ പിന്നീട് വിവാഹ ബന്ധം ഉപേക്ഷിച്ച് മാറി താമസിക്കുകയായിരുന്നു. ഇന്ദുലേഖയിലെ ശ്രദ്ധേയ വേഷത്തിന് പിന്നാലെ ഒട്ടേറെ സിനിമകളിൽ മുഖം കാണിച്ചു. നാലാം തീയതിയാണ് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ചയായിരുന്നു അന്ത്യം. അപ്പോൾ മുതൽ മൃതദേഹം ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
എംഎ, എൽഎൽബി ബിരുദധാരിയായിരുന്നു രാജ്മോഹൻ. സിനിമ വിട്ട ശേഷം ട്യൂഷനെടുത്താണ് ജീവിച്ചിരുന്നത്. എന്തെങ്കിലും സമ്പാദ്യമോ സർക്കാരിന്റെ വാർധക്യ പെൻഷന് അപേക്ഷിക്കാൻ ഒരു തിരിച്ചറിയൽരേഖ പോലുമോ ഇദ്ദേഹത്തിനുണ്ടായിരുന്നില്ലെന്ന് അനാഥാലയം അധികൃതർ പറഞ്ഞു.