മുംബൈ
ലോക ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ തകർത്ത ഇന്ത്യക്ക് ഇനി വെസ്റ്റിൻഡീസ്. ഒക്ടോബറിൽ നടക്കുന്ന ട്വന്റി–-20 ലോകകപ്പിനുമുമ്പ് ഒറ്റ പരമ്പരമാത്രം. മൂന്ന് ഏകദിന മത്സരങ്ങൾ 22, 24, 27 തീയതികളിൽ പോർട്ട് ഓഫ് സ്പെയിനിലെ ക്യൂൻസ്പാർക്ക് ഓവലിലാണ്. വിൻഡീസ് പര്യടനത്തിൽ തുടർന്ന് അഞ്ച് ട്വന്റി–-20 മത്സരങ്ങളുമുണ്ട്. ഏകദിനപരമ്പരയിൽ ശിഖർ ധവാനാണ് ഇന്ത്യയെ നയിക്കുന്നത്. രവീന്ദ്ര ജഡേജയാണ് വൈസ് ക്യാപ്റ്റൻ. സഞ്ജു സാംസൺ വിക്കറ്റ് കീപ്പറായി പതിനാറംഗ ടീമിലുണ്ട്. രോഹിത് ശർമ, വിരാട് കോഹ്ലി, ജസ്പ്രീത് ബുമ്ര, ഋഷഭ് പന്ത് എന്നിവർക്ക് വിശ്രമം അനുവദിച്ചു.
ട്വന്റി–-20 ടീമിനെ നയിക്കുന്നത് രോഹിത് ശർമയാണ്. പരിക്കുമൂലം വിശ്രമത്തിലായിരുന്ന ലോകേഷ് രാഹുൽ തിരിച്ചത്തും. കോഹ്ലിയും സഞ്ജുവും ടീമിലില്ല. ഇംഗ്ലണ്ട് പര്യടനം നൽകിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ഏകദിന–-ട്വന്റി20 പരമ്പരകൾ നേടാനായി. അവസാന ഏകദിനമത്സരത്തിൽ നാല് വിക്കറ്റ് നഷ്ടമായിട്ടും പൊരുതിക്കയറിയ ഋഷഭ് പന്തിന്റെയും ഹാർദിക് പാണ്ഡ്യയുടെയും തകർപ്പൻ ബാറ്റിങ്ങാണ് തുണച്ചത്.
ഏകദിനപരമ്പരയുടെ താരം ഹാർദിക്കാണ്. മൂന്നു കളിയിൽ ആറ് വിക്കറ്റും 100 റണ്ണുമാണ് സമ്പാദ്യം. നിർണായകമത്സരത്തിൽ ഋഷഭ് പന്തുമൊത്ത് അഞ്ചാംവിക്കറ്റിൽ 133 റണ്ണാണ് അടിച്ചുകൂട്ടിയത്. ഹാർദിക് 55 പന്തിൽ 71 റൺ നേടി. 113 പന്തിൽ 125 റണ്ണുമായി പുറത്താകാതെ നിന്ന ഋഷഭാണ് കളിയിലെ താരം.
വിൻഡീസ് പര്യടനം
മൂന്ന് ഏകദിനം 22, 24, 27 രാത്രി 7.00
അഞ്ച് ട്വന്റി–-20 ജൂലൈ 29,
ആഗസ്ത് 1, 2, 6, 7 രാത്രി 8.00
ഇന്ത്യൻ പരമ്പരകൾ 2022
അയർലൻഡിനെതിരെ ട്വന്റി–-20 (2–-0)
ദക്ഷിണാഫ്രിക്കയ്ക്കെതിരെ ട്വന്റി–-20 (2–-2)
ഇംഗ്ലണ്ടിനെതിരെ ഏകദിനം (2–-1), ട്വന്റി–-20 (2–-1)
ശ്രീലങ്കയ്ക്കെതിരെ ട്വന്റി–-20 (3–-0), ടെസ്റ്റ് (2–-0)
വിൻഡീസിനെതിരെ ട്വന്റി–-20 (3–-0), ഏകദിനം (3–-0)