തിരുവനന്തപുരം
മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ച കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരീനാഥന് അന്വേഷക സംഘത്തിന്റെ നോട്ടീസ്. ചൊവ്വ രാവിലെ പത്തിന് ശംഖുംമുഖം അസി. കമീഷണർ ഓഫീസിലാണ് ചോദ്യംചെയ്യൽ.
മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിക്കാമെന്ന ആഹ്വാനം യൂത്ത്കോൺഗ്രസ് നേതാക്കളുടെ വാട്സ്ആപ് ഗ്രൂപ്പിൽ പങ്കുവച്ചത് ശബരീനാഥനാണ്. ‘‘സിഎം കണ്ണൂർ ടിവിഎം ഫ്ലൈറ്റിൽ വരുന്നുണ്ട്. രണ്ടുപേര്‍ ഫ്ലൈറ്റിൽ കയറി കരിങ്കൊടി കാണിച്ചാൽ … എന്തായാലും ഫ്ലൈറ്റിൽ നിന്ന് പുറത്ത് ഇറക്കാൻ കഴിയില്ലല്ലോ’’ എന്നായിരുന്നു മുൻ എംഎൽഎ കൂടിയായ നേതാവിന്റെ കുറിപ്പ് .
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലാണ് വാട്സ്ആപ് ഗ്രൂപ്പിന്റെ അഡ്മിൻ. ഇതു സംബന്ധിച്ച വിവരം പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇത് ഗൂഢാലോചന കേസിൽ നിർണായക തെളിവാകും.അതേസമയം, ചർച്ചയുടെ സ്ക്രീൻഷോട്ട് സംബന്ധിച്ച് വ്യക്തത വരുത്താൻ ശബരീനാഥൻ തയ്യാറായിട്ടില്ല.