തിരുവനന്തപുരം
നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്ടി വർധിപ്പിച്ചതിനെതിരെ ജിഎസ്ടി കൗൺസിലിൽ കടുത്ത പ്രതിഷേധം ഉയർത്തിയിട്ടുണ്ടെന്ന് മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു.
ആഡംബര സാധനങ്ങളുടെ നികുതി 28 ശതമാനത്തിൽനിന്ന് 12 ശതമാനമായി കുറച്ച് നിത്യോപയോഗ സാധനങ്ങളുടെ നികുതി കൂട്ടുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്. നിത്യോപയോഗ സാധനങ്ങളുടെ നികുതിനിരക്ക് കുറച്ച് ആഡംബര വസ്തുക്കളുടെ നികുതി പഴയപടി പുനഃസ്ഥാപിക്കണമെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. കൗൺസിൽ യോഗത്തിലെ തീരുമാനത്തിന് വ്യത്യസ്തമായാണ് ഉത്തരവിറങ്ങിയത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ജിഎസ്ടി കൗൺസിലിന് കത്തയക്കും. വിലക്കയറ്റം തടഞ്ഞുനിർത്താൻ ശക്തമായ ശ്രമങ്ങൾ തുടരും.
ജിഎസ്ടി നടപ്പാക്കിയപ്പോൾ പ്രതീക്ഷിച്ചത്ര നികുതിവരുമാനം സംസ്ഥാനത്തിനുണ്ടായില്ല. കേരളത്തിലേക്ക് എത്തുന്ന ചരക്കുകളുടെ കണക്ക് സോഫ്റ്റ്വെയർ വഴിയാണ് ലഭിക്കേണ്ടത്. ഈ കണക്ക് പലപ്പോഴും കൃത്യമല്ല. എന്നാൽ, ഇതര സംസ്ഥാനങ്ങളിലേക്ക് സാധനങ്ങളയച്ചെന്ന പേരിൽ വ്യാജബില്ലുണ്ടാക്കി ഇവിടെനിന്ന് നികുതി ഈടാക്കുന്ന സ്ഥിതിയുമുണ്ട്.
ഉപഭോക്തൃസംസ്ഥാനമെന്ന നിലയിൽ കേരളത്തിലേക്കുള്ള സാധനങ്ങളുടെ വരവ് കൂടിയിട്ടും നികുതിവരുമാനം വർധിക്കാത്തത് എന്തുകൊണ്ടെന്നത് പഠിക്കാൻ സിഡിഎസിനെയും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിനെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.