തിരുവനന്തപുരം
മനുഷ്യക്കടത്ത് തടയാൻ കേന്ദ്രസർക്കാരുമായി സഹകരിച്ച് സംസ്ഥാനത്ത് കർശന നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സർക്കാർ അതീവ ഗൗരവത്തോടെയാണ് വിഷയത്തെ കാണുന്നത്. ക്രൈംബ്രാഞ്ച് ഐജി നോഡൽ ഓഫീസറായി ഇതിനായി സ്റ്റേറ്റ് സെൽ പ്രവർത്തിക്കുന്നു. നോഡൽ ഓഫീസറുടെ മേൽനോട്ടത്തിൽ എല്ലാ പൊലീസ് ജില്ലയിലും ആന്റി ഹ്യൂമൻ ട്രാഫിക്കിങ് യൂണിറ്റുകളും രൂപീകരിച്ചു.
തീരദേശം, വിമാനത്താവളം വഴിയുള്ള മനുഷ്യക്കടത്ത് സംബന്ധിച്ച രഹസ്യ വിവരങ്ങൾക്കനുസരിച്ച് സത്വരനടപടി സ്വീകരിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങൾ വഴിയുള്ള റിക്രൂട്ട്മെന്റ് തട്ടിപ്പ് തടയാൻ പൊലീസ് സൈബർ വിഭാഗത്തിന്റെ സേവനവും പ്രയോജനപ്പെടുത്തുന്നു. വിദേശത്ത് വീട്ടു ജോലിക്കുപോകാൻ പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമില്ല. ഈ യോഗ്യത ഇല്ലാത്തവർക്ക് ഗാർഹിക തൊഴിൽ ചെയ്യാൻ ക്ലിയറൻസ് ആവശ്യമാണ്. ഇവരെ വിസിറ്റിങ് വിസയിൽ വിദേശത്ത് കൊണ്ടുപോകുകയും അവിടെനിന്ന് മറ്റു രാജ്യങ്ങളിലെത്തിക്കുന്നതുമാണ് അനധികൃത റിക്രൂട്ട്മെന്റ് ഏജൻസികളുടെ രീതി. അതിനാൽ സ്പോൺസറെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകാത്ത സ്ഥിതിയുണ്ട്. എല്ലാത്തരം വിദേശ റിക്രൂട്ട്മെന്റുകളും ഇ മൈഗ്രേറ്റ് സിസ്റ്റത്തിലേക്ക് മാറ്റാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചാൽ മാത്രമേ ഇത്തരം ചൂഷണങ്ങൾ തടയാനാകൂ. വിദേശത്തുള്ളവരുടെ വിവരശേഖരണത്തിനും ഈ സംവിധാനം സഹായകരമാകും.
വ്യാജ റിക്രൂട്ട്മെന്റ്, മനുഷ്യക്കടത്ത് എന്നിവയിലൂടെ വിദേശത്ത് കുടുങ്ങിപ്പോകുന്നവരെ ഇന്ത്യൻ എംബസി, പ്രവാസി സംഘടനകൾ എന്നിവരുടെ സഹായത്തോടെ നാട്ടിലെത്തിക്കാൻ നോർക്ക നടപടി സ്വീകരിക്കുന്നുണ്ട്. നിയമാനുസൃതമല്ലാത്ത റിക്രൂട്ട്മെന്റിനും വിസ തട്ടിപ്പിനും എതിരെ വിപുലമായ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
പരാതികളിൽ കർശന നടപടി സ്വീകരിക്കാൻ ‘ഓപ്പറേഷൻ ശുഭയാത്ര’ ദൗത്യം ആരംഭിക്കും. അതനുസരിച്ചുള്ള നടപടി സ്വീകരിക്കുന്നതായും അനൂപ് ജേക്കബിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു.