തിരുവനന്തപുരം
ജിഎസ്ടി കൗൺസിൽ ഏർപ്പെടുത്തിയ നികുതി വർധന പ്രാബല്യത്തിലായതോടെ അരിയടക്കമുള്ള നിത്യോപയോഗ സാധനങ്ങൾക്ക് സംസ്ഥാനത്തും വിലകയറി. പാക്കറ്റിലാക്കിയ, ലേബലുള്ള ഭക്ഷ്യ വസ്തുക്കൾക്ക് അഞ്ചുശതമാനംവരെയാണ് വിലകൂടിയത്. എന്നാൽ, ആദ്യദിവസം ചെറുകിട മേഖലയിൽ കാര്യമായ വിലക്കയറ്റം പ്രകടമായില്ല. പഴയസ്റ്റോക്ക് വിറ്റതും ആശയക്കുഴപ്പം മൂലം വ്യാപാരികൾ പുതിയ സ്റ്റോക്ക് വിൽക്കുന്നത് ഒഴിവാക്കിയതുമാണ് കാരണം. ചൊവ്വമുതൽ സാധനങ്ങൾക്ക് വില കൂടുമെന്ന് വ്യാപാരികൾ പറഞ്ഞു.
അതേസമയം, ആയിരംരൂപയിൽ കുറവുള്ള ഹോട്ടൽ മുറികൾക്ക് ഉയർന്ന വാടക ഈടാക്കി തുടങ്ങി. 30 രൂപ മുതൽ 50വരെയാണ് വർധന. മഷിക്ക് 4.50–-6 രൂപവരെയാണ് വർധന. ചാർട്ടിനും പെൻസിൽ ഷാർപ്നർക്കും ഒരു രൂപയെങ്കിലും കൂടും. 25 കിലോയ്ക്കു മുകളിലുള്ള പാക്കറ്റുകൾക്ക് നികുതി ഒഴിവാക്കി എന്നത് വ്യക്തതയില്ലാത്ത തീരുമാനമാണെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യട്രേഡേഴ്സ് പറയുന്നു.
ജിഎസ്ടി കൗൺസിലിന്റെ നീക്കം, ചെറുകിട, ഇടത്തരം വ്യാപാരികളെ നിയമ കുരുക്കുകളിൽപ്പെടുത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് പി വെങ്കിട്ടരാമ അയ്യർ പറഞ്ഞു. ക്ഷീര ഉൽപ്പന്നങ്ങൾക്കുള്ള നികുതി ചെറുകിട ഡെയറി ഫാമുകളുടെ നിലനിൽപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അരിവില രണ്ടര രൂപവരെ കൂടി
അഞ്ചുശതമാനം ജിഎസ്ടി ഏർപ്പെടുത്തിയതോടെ അരിവില കിലോയ്ക്ക് രണ്ടുമുതൽ രണ്ടര രൂപവരെ കൂടി. 25 കിലോയ്ക്കുതാഴെയുള്ള പാക്കറ്റിനാണ് ഈ വർധന. അഞ്ചു കിലോ പാക്കറ്റിന് കുറഞ്ഞത് 10 രൂപ കൂടുമെന്ന് പവിഴം റൈസ് എംഡി എൻ പി ജോർജ് പറഞ്ഞു. മിൽമയുടെ ഉൽപ്പന്നങ്ങൾക്കും വില കൂടി.
വില നിയന്ത്രിക്കാന്‍
സഹകരണ ഇടപെടല്‍
നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാൻ സഹകരണ വകുപ്പ് ഇടപെടുന്നുണ്ടെന്ന് മന്ത്രി വി എൻ വാസവൻ. കൺസ്യൂമർഫെഡിന്റെ ത്രിവേണി സൂപ്പർ മാർക്കറ്റുകളിലൂടെയും പ്രാഥമിക സഹകരണ സംഘങ്ങളുടെ നീതി സ്റ്റോറുകളിലൂടെയും പൊതുവിപണിയേക്കാൾ കുറഞ്ഞ നിരക്കിൽ അവശ്യ സാധനങ്ങൾ വിതരണം ചെയ്യുന്നുണ്ട്.
ഉത്സവകാലങ്ങളിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കൺസ്യൂമർഫെഡിന്റെ നേതൃത്വത്തിൽ പ്രാഥമിക സഹകരണ സംഘങ്ങളെയും ഏകോപിപ്പിച്ച് 13 ഇനം അവശ്യ സാധനം നിയന്ത്രിത അളവിൽ സബ്സിഡിയോടു കൂടി വിതരണം ചെയ്യുന്നുണ്ട്. ഗുണനിലവാരമുള്ള സാധനങ്ങളും സഹകരണ സംഘങ്ങളുടെ ഉൽപ്പന്നങ്ങളും വിപണിയിൽ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനായി കോപ്പ് മാർട്ടുകൾ (സിഒഒപി മാർട്ട്) ജില്ലകളിൽ സ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.