നിലമ്പൂർ
പാരമ്പര്യ വൈദ്യൻ മൈസൂരു സ്വദേശി ഷാബാ ഷെരീഫിനെ കൊന്ന കേസിൽ നാലുപേർകൂടി പിടിയിൽ. മുഖ്യപ്രതി നിലമ്പൂർ മുക്കട്ട സ്വദേശി ഷൈബിൻ അഷറഫിന്റെ നിർദേശപ്രകാരം ഷാബാ ഷെരീഫിനെ മൈസൂരുവിൽനിന്ന് തട്ടിക്കൊണ്ടുവന്ന മൂന്നുപേരും ഇവർക്ക് സഹായം നൽകിയ ഒരാളുമാണ് പിടിയിലായത്. ഒളിവിലായിരുന്ന കൂത്രാടൻ മുഹമ്മദ് അജ്മൽ (30), പൂളക്കുളങ്ങര ഷബീബ് റഹ്മാൻ (30), വണ്ടൂർ പഴയ വാണിയമ്പലം സ്വദേശി ചീര ഷെഫീഖ് (28) എന്നിവരെ എറണാകുളത്തുനിന്നാണ് ഇൻസ്പെക്ടർ പി വിഷ്ണുവും സംഘവും അറസ്റ്റ് ചെയ്തത്. ഇവർക്ക് പണവും മൊബൈൽ ഫോണും സിം കാർഡും നൽകിയ വണ്ടൂർ സ്വദേശി പാലപറമ്പിൽ കൃഷ്ണ പ്രസാ (26)ദും പിടിയിലായിട്ടുണ്ട്.
2020 ഒക്ടോബറിൽ ചികിത്സാ രഹസ്യം ചോർത്തിയെടുക്കാനുള്ള മർദനത്തിനിടെയാണ് ഷാബാ ഷെരീഫ് കൊല്ലപ്പെട്ടത്. തുടർന്ന് ഷൈബിനും കൂട്ടാളികളും മൃതദേഹം പല കഷ്ണങ്ങളാക്കി എടവണ്ണ സീതിഹാജി പാലത്തിൽനിന്ന് ചാലിയാറിലേക്ക് എറിഞ്ഞു. പിന്നീട് പ്രതികൾക്കിടയിലുണ്ടായ സംഘർഷ, മോഷണകേസ് അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതും ഷൈബിൻ അഷറഫ് കൊലക്കേസിൽ പ്രതിയായതും.
ഒളിവിലായിരുന്ന പ്രതികൾക്കുവേണ്ടി നിലമ്പൂർ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഷാബാ ഷെരീഫ് വധക്കേസിൽ പൊലീസ് അന്വേഷണം തുടങ്ങിയ മെയ് പത്തിനാണ് ഇവർ ഒളിവിൽപോയത്. പൊള്ളാച്ചി, ബംഗളൂരു, ഹൈദരബാദ്, ഡൽഹി, മണാലി, ഗോവ തുടങ്ങിയ ഇടങ്ങളിൽ ഒഴിവിൽകഴിയുകയായിരുന്നു ഇവരെന്ന് പൊലീസ് പറഞ്ഞു. സാമ്പത്തിക പ്രയാസത്താൽ സുഹൃത്തുക്കളിൽനിന്ന് പണം സംഘടിപ്പിക്കാനാണ് ഇവർ എറണാകുളത്ത് എത്തിയത്.
വാഴക്കാലയിലെ ലോഡ്ജിൽ കഴിയുകയായിരുന്ന ഇവരെ നിലമ്പൂർ പൊലീസും ഡാൻസാഫ് ടീമും ചേർന്നാണ് കസ്റ്റഡിയിലെടുത്തത്. കൂട്ടുപ്രതികളായ ഷൈബിന്റെ ബന്ധു കൈപ്പഞ്ചേരി ഫാസിൽ (30), പൊരി ഷമീം (28) എന്നിവർ ഒളിവിലാണ്. ഷൈബിന്റെ അബുദാബിയിലെ സ്റ്റാർ വൺ ഡീസൽ കമ്പനിയിലെ ജോലിക്കാരായിരുന്നു പ്രതികൾ. ഷൈബിൻ അഷറഫ് (37), ഷൈബിന്റെ മാനേജർ വയനാട് ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരൻ ഷിഹാബുദ്ദീൻ (36), കൈപ്പഞ്ചേരി സ്വദേശി തങ്ങളകത്ത് നൗഷാദ് (41), ഡ്രൈവർ നിഷാദ് (35) എന്നിവർ റിമാൻഡിലാണ്.
2019ലാണ് ഷാബാ ഷെരീഫിനെ പ്രവാസി വ്യവസായിയായ ഷൈബിന്റെ നേതൃത്വത്തിൽ നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടുവന്നത്. രോഗിയെ ചികിത്സിക്കാനെന്ന പേരിൽ ചികിത്സാ കേന്ദ്രത്തിൽനിന്ന് കൂട്ടിക്കൊണ്ടുവന്ന് പ്രത്യേകം സജ്ജമാക്കിയ മുറിയിലടച്ചു. മൂലക്കുരു ചികിത്സക്കുള്ള ഒറ്റമൂലി മനസിലാക്കി വിപണനം ചെയ്യുകയായിരുന്നു മുഖ്യപ്രതിയുടെ ലക്ഷ്യം. ഒന്നേകാൽ വർഷത്തോളം തടവിലിട്ട് പീഡിപ്പിച്ചു. 2020 ഒക്ടോബറിൽ മർദനത്തിനിടെയാണ് ഷാബാ ഷെരീഫ് കൊല്ലപ്പെട്ടത്.