തിരുവനന്തപുരം
രാജ്യത്ത് മസാല ബോണ്ടിലൂടെ ധനസമാഹരണം നടത്തുന്നത് കേന്ദ്ര സർക്കാർ സ്ഥാപനങ്ങളും. കിഫ്ബിയുടേതിനു സമാനമായ നിയമ സാധുതയുള്ള സ്ഥാപനമായ കേന്ദ്രസർക്കാരിന്റെ ദേശീയപാത അതോറിറ്റി മസാലബോണ്ടുവഴി 5000 കോടി രൂപ സമാഹരിച്ചു. ഇതിന് റിസർവ് ബാങ്ക് അനുമതിയുമുണ്ട്.
കിഫ്ബിക്കെതിരെ ഇഡി ഉന്നയിക്കുന്ന ആക്ഷേപങ്ങളൊന്നും നിലനിൽക്കുന്നതല്ലെന്ന് മുൻ ധനമന്ത്രി ടി എം തോമസ് ഐസക് വ്യക്തമാക്കി. മസാല ബോണ്ട് ഇറക്കിയതിൽ വിദേശനാണയ നിയമലംഘനം ഉണ്ടെന്നാണ് ആക്ഷേപം. സംസ്ഥാന സർക്കാരിന് മസാല ബോണ്ട് ഇറക്കാൻ അധികാരമില്ല. ബോഡി കോർപറേറ്റായ കിഫ്ബിക്ക് ഇതിനുള്ള അധികാരമുണ്ട്. നിയമസഭ പാസാക്കിയ കിഫ്ബി നിയമത്തിൽ ഇതു വ്യക്തമാണ്.
ഫെമ നിയമപ്രകാരം വിദേശവായ്പകൾ റെഗുലേറ്റ് ചെയ്യുന്നതിനുള്ള അധികാരം റിസർവ് ബാങ്കിൽ നിക്ഷിപ്തമാണ്. ഈ അധികാരം ഉപയോഗിച്ച് റിസർവ് ബാങ്ക് ഇറക്കിയ മാസ്റ്റർ സർക്കുലർ ബോഡി കോർപറേറ്റുകൾക്ക് മസാല ബോണ്ടിലൂടെ വായ്പയ്ക്ക് അവകാശം ഉറപ്പാക്കിയിട്ടുണ്ട്.
എഴുനൂറ് ദശലക്ഷം ഡോളറിൽ താഴെയുള്ള മസാല ബോണ്ടുകൾ ലളിത നടപടിക്രമങ്ങളിലൂടെ ലഭ്യമാകും. അംഗീകൃത ബാങ്ക് ഉൾപ്പെടെ ഏജൻസികൾവഴി അപേക്ഷകളും വിശദീകരണങ്ങളും ആർബിഐക്ക് നൽകിയാൽ മതി. കിഫ്ബി ചട്ടപ്രകാരം ആക്സിസ് ബാങ്കുവഴി അപേക്ഷ നൽകി. 2150 കോടി രൂപയ്ക്കുള്ള മസാല ബോണ്ടുകൾ ഇറക്കുന്നതിന് 2018 ജൂൺ ഒന്നിന് റിസർവ് ബാങ്കിൽനിന്ന് അനുമതിയും ലഭിച്ചു.
കിഫ്ബി വിവാദത്തിനുശേഷം ബോഡി കോർപറേറ്റുകൾക്ക് മസാല ബോണ്ട് ഇറക്കാനുള്ള അവകാശം ചട്ടഭേദഗതിയിലൂടെ എടുത്തുകളഞ്ഞു. 2019 ജനുവരി 16-നാണ് ആർബിഐ ചട്ടം ഭേദഗതി ചെയ്തത്. അതുപ്രകാരം ഭാവിയിൽ കിഫ്ബിക്ക് മസാല ബോണ്ട് ഇറക്കാനാകില്ല. ഈ ഭേദഗതി വരുന്നതിനുമുമ്പ് കിഫ്ബി മസാല ബോണ്ട് ഇഷ്യൂ ചെയ്തുകഴിഞ്ഞിരുന്നു. അതിനാൽ, ചട്ടഭേദഗതി കിഫ്ബി എടുത്ത വായ്പയ്ക്ക് ബാധകമല്ലെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.