ന്യൂഡൽഹി> മരടിൽ തീരദേശപരിപാലനനിയമം ലംഘിച്ച് നിർമിച്ച അനധികൃതകെട്ടിടങ്ങളുടെ ഉത്തരവാദിത്വം ഫ്ലാറ്റ് നിർമാതാക്കൾക്കും ഉദ്യോഗസ്ഥർക്കുമെന്ന് സുപ്രീംകോടതി ചുമതലപ്പെടുത്തിയ ഏകാംഗജുഡീഷ്യൽ കമീഷൻ. സുപ്രീംകോടതി നിർദേശാനുസരണം പൊളിച്ച മരടിലെ ഫ്ലാറ്റ്സമുച്ചയങ്ങൾക്ക് നിർമാണ അനുമതി നൽകിയത് ആരെന്ന് കണ്ടെത്താൻ കോടതി ചുമതലപ്പെടുത്തിയ ജസ്റ്റിസ് (റിട്ട.) തോട്ടത്തിൽ ബി രാധാകൃഷ്ണൻ നൽകിയ റിപ്പോർട്ടിലാണ് ഈ പരാമർശം.
നിലംപരിശായ അനധികൃത കെട്ടിടങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്നും കെട്ടിടനിർമാതാക്കൾക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.അതേസമയം, അനധികൃത കെട്ടിടങ്ങൾ ആ നിലയ്ക്ക് ഉയർന്നതിന് പിന്നിൽ മരട് ഗ്രാമപഞ്ചായത്ത്, മരട് മുൻസിപ്പാലിറ്റി, സംസ്ഥാനസർക്കാർ, തദ്ദേശസ്ഥാപനങ്ങൾ തുടങ്ങിയവയിലെ ഉദ്യോഗസ്ഥർക്കും ഉത്തരവാദിത്വമുണ്ട്. കൂട്ടായ ഉത്തരവാദിത്വമാണോ ഭാഗിച്ച ഉത്തരവാദിത്വമാണോ ഉള്ളതെന്ന കാര്യത്തിൽ സുപ്രീംകോടതിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
അനധികൃത നിർമാണങ്ങൾക്ക് വഴിയൊരുക്കിയത് ആരാണെന്ന് കണ്ടെത്തി റിപ്പോർട്ട് നൽകുകയായിരുന്നു ഏകാംഗ ജുഡീഷ്യൽ കമീഷന്റെ ചുമതല. അന്വേഷണം പൂർത്തിയായ സാഹചര്യത്തിലാണ് കമീഷൻ കഴിഞ്ഞദിവസം സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.
തിങ്കളാഴ്ച്ച ജസ്റ്റിസ് ഭൂഷൺ ആർ ഗവായ് അദ്ധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിച്ചപ്പോൾ അമിക്കസ്ക്യൂറി ഗൗരവ് അഗർവാൾ റിപ്പോർട്ടിലെ പ്രസക്തഭാഗങ്ങൾ വായിച്ചുകേൾപ്പിച്ചു. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കണ്ടെത്തണമെന്ന് സുപ്രീംകോടതി വാക്കാൽ നിരീക്ഷിച്ചു. ഏകാംഗകമീഷൻ റിപ്പോർട്ടിന്റെ പകർപ്പ് ബന്ധപ്പെട്ട എല്ലാകക്ഷികൾക്കും കൈമാറണമെന്ന് സുപ്രീംകോടതി നിർദേശിച്ചു.
സംസ്ഥാനസർക്കാർ ഉൾപ്പടെയുള്ള കക്ഷികൾക്ക് റിപ്പോർട്ടിനെ കുറിച്ചുള്ള പ്രതികരണം അറിയിക്കാം. സെപ്തംബർ ആറിന് കേസ് വീണ്ടും പരിഗണിക്കും. നിയമവിരുദ്ധമായി ഫ്ലാറ്റുകൾ നിർമിച്ചതിന്റെ യഥാർഥ ഉത്തരവാദികൾ ആരെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പൊളിച്ചുമാറ്റിയ ഫ്ലാറ്റുകളുടെ ഉടമകളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി ആരാണ് ഉത്തരവാദികളെന്ന് കണ്ടെത്താൻ ഏകാംഗ ജുഡീഷ്യൽ കമീഷനെ ചുമതലപ്പെടുത്തി.