കൊച്ചി> കിഫ്ബിക്കെതിരെ വീണ്ടും രാഷ്ട്രീയപ്രേരിത നീക്കവുമായി ഇഡി. മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിന് ഹാജരാകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയത് ഈ നീക്കത്തിന്റെ ഭാഗം. സിഎജി പരാമർശത്തിന്റെ ചുവടുപിടിച്ച് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കിഫ്ബിയുടെ പേരിൽ സംസ്ഥാന സർക്കാരിനെതിരെ നടത്തിയ രാഷ്ട്രീയക്കളികളുടെ തുടർച്ചയായാണ് പുതിയ വിവരശേഖരണം. സംസ്ഥാനത്തെ വികസനപദ്ധതികൾക്കായി കിഫ്ബി മസാലബോണ്ടുവഴി ധനസമാഹരണം നടത്തിയത് വിദേശനാണ്യവിനിമയ നിയമം ലംഘിച്ചെന്നായിരുന്നു ആരോപണം.
റിസർവ് ബാങ്ക് അനുമതി ഉൾപ്പെടെ എല്ലാ ചട്ടങ്ങളും പാലിച്ചായിരുന്നു കിഫ്ബി ഫണ്ട് സമാഹരണമെന്ന് സംസ്ഥാന ധനമന്ത്രാലയം വ്യക്തമാക്കിയതാണ്. കിഫ്ബിമാത്രമല്ല, കേന്ദ്രസർക്കാരിനുകീഴിലെ നാഷണൽ ഹൈവേ അതോറിറ്റിയും സമാനരീതിയിൽ ഫണ്ട് സമാഹരണം നടത്തിയിരുന്നു. എന്നാൽ, കിഫ്ബിയുടെ കാര്യത്തിൽമാത്രമാണ് സിഎജിയും ഇഡിയും ഇടപെട്ടത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ 2021 മാർച്ചിൽ കിഫ്ബി ഉദ്യോഗസ്ഥരിൽനിന്നും കിഫ്ബിക്ക് അക്കൗണ്ടുള്ള ബാങ്കിൽനിന്നും ഇഡി പരമാവധി വിവരങ്ങൾ ശേഖരിച്ചിരുന്നു. എന്നിട്ടും അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്ന ഒന്നും കണ്ടെത്തിയില്ല. കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഇടപെടലിനെ തുടർന്നാകാം ഒന്നരവർഷമാകുമ്പോൾ വീണ്ടും കിഫ്ബിക്കെതിരെ തിരിഞ്ഞത്.
തോമസ് ഐസക്കിന് നോട്ടീസ് നൽകും മുമ്പുതന്നെ ഇഡി ചാനലുകൾക്ക് വിവരം നൽകുകയായിരുന്നു. ചൊവ്വാഴ്ച ഹാജരാകാൻ നോട്ടീസ് നൽകിയതായി ഞായർ വൈകിട്ടോടെ ചാനലുകളിൽ വാർത്ത വന്നു. അപ്പോഴാണ് തോമസ് ഐസക് പോലും അറിയുന്നത്. നോട്ടീസ് കിട്ടാത്തത് വിവാദമായപ്പോഴാണ് ആലപ്പുഴ കലവൂരിൽ 15 വർഷംമുമ്പ് താമസിച്ച വീടിന്റെ വിലാസത്തിൽ നോട്ടീസ് അയച്ചതായി കാണിച്ച് തിങ്കളാഴ്ച ഇ–-മെയിലിൽ നോട്ടീസ് നൽകിയത്. ഇഡി കൊച്ചി ഓഫീസിലെ അസിസ്റ്റന്റ് ഡയറക്ടറാണ് നോട്ടീസ് പുറപ്പെടുവിച്ചത്.