തിരുവനന്തപുരം > മുഖ്യമന്ത്രിയെ വിമാനത്തിൽ അപായപ്പെടുത്താനുള്ള യൂത്ത് കോണ്ഗ്രസ് പ്രവർത്തകരുടെ ശ്രമം, നേതൃത്വത്തിന്റെ ഗൂഢാലോചന പ്രകാരമെന്ന തെളിവ് ഞെട്ടിപ്പിക്കുന്നതാണെന്ന് ഡിവൈഎഫ്ഐ. മുഖ്യമന്ത്രിയെ വിമാനത്തിൽ വച്ച് അക്രമിക്കാൻ ക്രിമിനലുകളെ പറഞ്ഞ് വിട്ടത് മുൻ എംഎൽഎ ശബരി നാഥ് ഉൾപ്പെടെയുള്ള യൂത്ത് കോണ്ഗ്രസ് നേതാക്കളാണ് എന്ന് തെളിയിക്കുന്ന വാട്സ് ആപ്പ് ചാറ്റ് പുറത്തു വന്നിരിക്കുകയാണ്. ക്രിമിനലുകളെ രൂപപെടുത്തി പോറ്റി വളർത്തുന്ന യൂത്ത് കോണ്ഗ്രസിനെ കേരള പൊതു സമൂഹം ബഹിഷ്കരിക്കണം. യൂത്ത് കോണ്ഗ്രസ് നേതൃത്വം പൊതു സമൂഹത്തോട് മാപ്പ് പറയണം.യൂത്ത് കോൺഗ്രസ് ഔദ്യോഗിക വാട്ആപ് ഗ്രൂപ്പിൽ നടന്ന ചാറ്റുകൾ ഗൂഢാലോചനക്കേസിലെ നിർണായക തെളിവാണെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.
ശബരീനാഥിനെ പ്രസ്തുത സംഭവത്തിന്റെ പേരിൽ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ അതീവ സുരക്ഷാ മേഖലയിൽ വച്ച് അപായപ്പെടുത്താൻ യൂത്ത് കോണ്ഗ്രസ് സംസ്ഥാന നേതൃത്വത്തിൽ നടന്ന അതീവ ഗൗരവകരമായ ഗൂഢാലോചനയാണ് പുറത്തു വന്നിരിക്കുന്നത്.
“സിഎം കണ്ണൂരിൽ നിന്ന് വരുന്നുണ്ട്. രണ്ടുപേർ വിമാനത്തിൽ കയറി കരിങ്കൊടി കാണിക്കണം’ – എന്ന് നിർദ്ദേശിച്ചത് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥനാണ്. വിമാനത്തിൽ നിന്ന് മുഖ്യമന്ത്രിക്ക് പുറത്തിറങ്ങാൻ ആകില്ലെന്നും ശബരിനാഥൻ പറയുന്നു.
സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ ഗ്രൂപ്പിന്റെ അഡ്മിനാണ്. വിമാനത്തിനുള്ളിലെ അക്രമം കളർഫുള്ളും അടിപൊളിയും ആകുമെന്നും അതിനാൽ ടിക്കറ്റിന് എത്ര രൂപ ആയാലും കുഴപ്പമില്ല എന്നും നേതാക്കൾ പറയുന്നു. 109-ഓളം നേതാക്കൾ അടങ്ങിയതാണ് വാട്സ് ആപ് ഗ്രൂപ്പ്. യൂത്ത് കോൺഗ്രസ് ലോഗോയാണ് ഡിസ്പ്ലേ പിക്ചർ. കണ്ണൂരിലെ കാര്യങ്ങളെല്ലാം റിജിൽ മാക്കുറ്റി ക്രമീകരിക്കണമന്നും തിരുവനന്തപുരത്ത് സമരക്കാരെ സ്വീകരിക്കാൻ ശബരിനാഥൻ മുന്നിലുണ്ടാകണമെന്നും നിർദേശിക്കുന്നു.
ഗ്രൂപ്പിൽ വന്ന മെസേജുകളെ കുറിച്ചുള്ള വാർത്തകളോട് ശബരി നാഥ് ഉൾപ്പെടെയുള്ള നേതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നത് ഈ ചാറ്റുകൾ ശരി വെക്കുന്നതാണ്. ഡിവൈഎഫ്ഐ നേരത്തേ തന്നെ യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് വിമാനത്തിലെ അക്രമ സംഭവം എന്ന് പറഞ്ഞിരുന്നു. ഇത് ശരിവക്കുന്നതാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന തെളിവുകൾ – ഡിവൈഎഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.