ചെന്നൈ > തമിഴ്നാട് കള്ളക്കുറിച്ചിയിൽ ആത്മഹത്യ ചെയ്ത വിദ്യാർഥിനിയുടെ മൃതദേഹം റീ പോസ്റ്റ്മോർട്ടം നടത്താൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. പോസ്റ്റ്മോർട്ടം കഴിഞ്ഞാൽ ഉടൻ മൃതദേഹം സംസ്കരിക്കണം എന്നാണ് കോടതിയുടെ നിര്ദ്ദേശം. പെൺകുട്ടിയുടെ അച്ഛനും അഭിഭാഷകനും വേണമെങ്കിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് സാക്ഷിയാകാമെന്നും കോടതി ഉത്തരവില് പറയുന്നു.
വിദ്യാർഥിനിയുടെ ആത്മഹത്യയെ തുടർന്ന് വൻ സംഘർഷമുണ്ടായ തമിഴ്നാട് കള്ളക്കുറിച്ചിയിലെ സ്വകാര്യ സ്കൂൾ അധികൃതർ അറസ്റ്റിലായിരുന്നു. ചിന്നസേലത്തിനുസമീപമുള്ള ശക്തി മെട്രിക്കുലേഷൻ റസിഡൻഷ്യൽ സ്കൂൾ പ്രിൻസിപ്പൽ ശിവശങ്കരൻ, കറസ്പോണ്ടന്റ് രവികുമാർ, സെക്രട്ടറി ശാന്തി എന്നിവരാണ് അറസ്റ്റിലായത്. വിദ്യാർഥിനിയുടെ കുടുംബം ആവശ്യപ്പെട്ടതുപോലെ കേസന്വേഷണം സിബിസിഐഡിക്ക് വിട്ടിരുന്നു.
പതിനേഴുകാരിയായ വിദ്യാർഥിനിയെ ബുധൻ രാവിലെ ഹോസ്റ്റൽ പരിസരത്ത് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ചൊവ്വ രാത്രി കെട്ടിടത്തിന്റെ മുകളിൽനിന്ന് ചാടി ആത്മഹത്യചെയ്തതാണെന്ന് പൊലീസ് പറഞ്ഞു. രണ്ട് അധ്യാപകർ മാനസികമായി പീഡിപ്പിച്ചെന്നും സഹപാഠികൾ മോശമായി പെരുമാറിയെന്നുമുള്ള ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു. തന്റെ ഫീസ് അച്ഛനമ്മമാർക്ക് മടക്കിനൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങിയില്ല. ബന്ധുക്കളുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ ഞായറാഴ്ച നടന്ന റോഡുപരോധം സംഘർഷത്തിൽ കലാശിച്ചു. വിദ്യാർഥിനിയുടെ നാടായ കടലൂർ വെപ്പൂരിൽനിന്നടക്കം എത്തിയവർ സ്കൂൾ അടിച്ചുതകർത്തു. സ്കൂൾ ബസുകളും പൊലീസ് ജീപ്പുകളുമടക്കം അമ്പതോളം വാഹനം കത്തിച്ചു.
പൊലീസ് രണ്ടുതവണ ആകാശത്തേക്ക് വെടിയുതിർത്തിട്ടും പ്രതിഷേധക്കാർ പിൻവാങ്ങിയില്ല. പിന്നീട് കൂടുതൽ പൊലീസെത്തി പ്രതിഷേധക്കാരെ ഒഴിപ്പിച്ചു. 30വരെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സമൂഹമാധ്യമങ്ങളിലൂടെയും പ്രതിഷേധത്തിന് ആഹ്വാനമുണ്ടായി. സംഘർഷത്തിൽ നിരവധി സമരക്കാർക്കും പൊലീസുകാർക്കും പരിക്കേറ്റു. സമാധാനം പാലിക്കണമെന്നും കുറ്റക്കാരെ പിടികൂടുമെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ട്വീറ്റ് ചെയ്തിരുന്നു.