മാഞ്ചസ്റ്റർ
ഹാർദിക് പാണ്ഡ്യയും ഋഷഭ് പന്തും ഇംഗ്ലണ്ടിനെ തീർത്തു. ഇരുവരുടെയും മികവിൽ മൂന്നാം ഏകദിനത്തിൽ ഇന്ത്യ അഞ്ച് വിക്കറ്റ് ജയംനേടി. പരമ്പര 2–1ന് സ്വന്തമാക്കുകയും ചെയ്തു.ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 45.5 ഓവറിൽ 259ന് പുറത്തായി. ഇന്ത്യ 47 പന്ത് ശേഷിക്കെ ജയം നേടി.
സ്കോർ: 259 (45.5), ഇന്ത്യ 5–261 (42.1)
ഏകദിനത്തിലെ കന്നി സെഞ്ചുറിയുമായി (113 പന്തിൽ 125*) പന്ത് തകർത്താടിയപ്പോൾ ഹാർദികും മിന്നി. നാല് വിക്കറ്റും 55 പന്തിൽ 71 റണ്ണും. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്നുനേടിയ 133 റൺ നിർണായകമായി.
ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ശിഖർ ധവാൻ (1), രോഹിത് ശർമ (17), വിരാട് കോഹ്-ലി (17) എന്നിവർ റീസ് ടോപ്-ലിയുടെ പന്തുകൾക്ക് മുന്നിൽ വീണപ്പോൾ 3–38 എന്ന നിലയിലായി ഇന്ത്യ. സൂര്യകുമാർ യാദവിനെ (16) ക്രെയ്ഗ് ഒവർട്ടണും പുറത്താക്കി. തുടർന്നായിരുന്നു ഹാർദിക്–പന്ത് സഖ്യത്തിന്റെ പ്രത്യാക്രമണം. സ്കോർ 205ൽവച്ച് ഹാർദിക് വീണെങ്കിലും പന്ത് തുടർന്നു. സെഞ്ചുറി പൂർത്തിയാക്കിയ ഇരുപത്തിനാലുകാരൻ ഡേവിഡ് വില്ലിയെ തുടർച്ചയായി അഞ്ച് ഫോറുകൾ പായിച്ചാണ് ആഘോഷിച്ചത്. രണ്ട് സിക്സറും 16 ഫോറുമായിരുന്നു ഇടംകെെയന്റെ ഇന്നിങ്സിൽ. ഏഴ് റണ്ണുമായി രവീന്ദ്ര ജഡേജയായിരുന്നു കൂട്ട്.
ക്യാപ്റ്റൻ ജോസ് ബട്ലറുടെ ബാറ്റാണ് ഇംഗ്ലണ്ടിനെ 250കടത്തിയത്. 80 പന്തിൽ 60 റണ്ണടിച്ച ബട്ലർ മൂന്ന് ഫോറും രണ്ട് സിക്സറും കണ്ടെത്തി. ജസ്പ്രീത് ബുമ്രക്കുപകരം എത്തിയ മുഹമ്മദ് സിറാജ് ജോ റൂട്ടിനേയും ജോണി ബെയർസ്റ്റോയേയും പൂജ്യത്തിന് മടക്കി ഇന്ത്യക്ക് മികച്ച തുടക്കംനൽകി. ബട്ലറെ കൂടാതെ മൊയീൻ അലിയും (34) ലിവിങ്സ്റ്റണും (27) പൊരുതിനോക്കി. ഡേവിഡ് വില്ലിയും (18) ക്രെയ്ഗ് ഒവർട്ടണും (32) ചേർന്നാണ് ഭേദപ്പെട്ട സ്കോറൊരുക്കിയത്. ഇന്ത്യക്കായി ഹാർദിക് ഏഴ് ഓവറിൽ 24 റൺ വഴങ്ങിയാണ് നാല് വിക്കറ്റെടുത്തത്. യുശ്വേന്ദ്ര ചഹാലിന് മൂന്ന് വിക്കറ്റുണ്ട്. ട്വന്റി–20 പരമ്പരയും ഇന്ത്യ 2–1ന് സ്വന്തമാക്കിയിരുന്നു. ടെസ്റ്റ് പരമ്പര സമനിലയായി.