തിരുവനന്തപുരം
സർക്കാർ നിയമിക്കുന്ന യുവ സിവിൽ എൻജിനിയർമാർക്ക്, തദ്ദേശസ്ഥാപനങ്ങൾ പുതിയ സാമ്പത്തിക വർഷം ടെൻഡർ നൽകുന്ന 6000 കോടി രൂപയുടെ പ്രവൃത്തികളുടെ മേൽനോട്ട ചുമതല. ഗ്രാമ, ജില്ലാ പഞ്ചായത്തുകളിലെയും നഗരസഭ, കോർപറേഷനുകളിലെയും മാലിന്യനിർമാർജന പദ്ധതികൾ ഉൾപ്പെടെയുള്ള മുഴുവൻ പ്രവൃത്തികളിലും ഇവരെ ഭാഗഭാക്കാക്കും. പഞ്ചായത്തുകളിൽ വർഷം 200 പ്രവൃത്തിയും ബ്ലോക്കിൽ 400, കോർപറേഷനിൽ 800, ജില്ലാ പഞ്ചായത്തുകളിൽ 1000 പ്രവൃത്തിയും ശരാശരി ഉണ്ടാകുമെന്നാണ് കണക്ക്.
കോർപറേഷൻ, ജില്ലാ പഞ്ചായത്ത് വൻകിട പദ്ധതികളിൽ ഒരു പദ്ധതിക്കുതന്നെ നിരവധി പേരുടെ സേവനം ഉറപ്പാക്കാനാകും. ബി ടെക് സിവിൽ എൻജിനിയറിങ് കഴിഞ്ഞ് ജോലിയില്ലാതെ നിൽക്കുന്നവരെയും ഐടിഐ ബിരുദ ധാരികളെയും എൻജിനിയറിങ് സർട്ടിഫിക്കറ്റ് കോഴ്സ് പാസായവരെയും അവരുടെ യോഗ്യതക്കനുസരിച്ച് വിവിധ പദ്ധതികളുടെ ഭാഗമാക്കാനാണ് തീരുമാനം.
രജിസ്ട്രേഷൻ
സെപ്തംബറിൽ
എൻജിനിയറിങ് ഉദ്യോഗാർഥികളുടെ ഓൺലൈൻ രജിസ്ട്രേഷൻ സെപ്തംബറിൽ ആരംഭിക്കും. തദ്ദേശഭരണ വകുപ്പിന്റെ എൽഎസ്ജിഡി വെബ്സൈറ്റിലോ ഏകീകൃത ഓൺലൈൻ അപേക്ഷാ സംവിധാനമായ ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ് സിസ്റ്റം (ഐഎൽജിഎംഎസ്) സൈറ്റിലോ രജിസ്ട്രേഷന് പ്രത്യേക സൗകര്യമൊരുക്കും. ഓരോ പദ്ധതിയിലും അതത് പ്രദേശത്തുള്ളവർക്കാകും മുൻഗണന. വേതനം കരാറുകാരാണ് നൽകേണ്ടത്. ഈ വ്യവസ്ഥകൂടി പുതിയ ടെൻഡർ നടപടികളിൽ ഉൾപ്പെടുത്തും.
കൂടുതൽ ഐടി ജോലി ലഭിച്ച
നഗരങ്ങളിൽ തിരുവനന്തപുരവും
കഴിഞ്ഞ വർഷം രാജ്യത്ത് ഏറ്റവും കൂടുതൽ ഐടി ജോലി ലഭിച്ച നഗരങ്ങളുടെ പട്ടികയിൽ തിരുവനന്തപുരവും. ആഗോള റിക്രൂട്ട്മെന്റ് കമ്പനിയായ റാൻഡ്സ്റ്റാഡ് പ്രസിദ്ധീകരിച്ച ടാലന്റ് റിപ്പോർട്ടിലാണ് തിരുവനന്തപുരം ഇടംപിടിച്ചത്. രാജ്യത്തെ 15 രണ്ടാംനിര നഗരങ്ങളിൽ മധ്യനിര വിഭാഗത്തിൽ ഏറ്റവും കൂടുതൽ ഐടി തൊഴിൽ നൽകിയത് തിരുവനന്തപുരമാണ്. ജൂനിയർ വിഭാഗത്തിൽ നാസിക്കിനു പിന്നിലായി രണ്ടാം സ്ഥാനവുമുണ്ട്. എട്ട് ഒന്നാംനിര നഗരങ്ങളിൽ ഏറ്റവും കൂടുതൽ തൊഴിൽ നൽകിയത് ബംഗളൂരുവാണ്.
അടുത്തിടെ പുറത്തിറക്കിയ നൗക്രി ഡോട്ട് കോം റിപ്പോർട്ടിൽ 2022ൽ രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിലവസരം സൃഷ്ടിച്ച നഗരം കൊച്ചിയായിരുന്നു. ജനുവരി മുതൽ മെയ് വരെ 22,365 പേർക്കാണ് കൊച്ചിയിൽ നിയമനം ലഭിച്ചത്. ആരോഗ്യരംഗത്തും ഐടി, സോഫ്റ്റ്വെയർ രംഗങ്ങളിലുമാണ് കൂടുതൽ തൊഴിലവസരമുണ്ടായത്. 2022ലെ ആദ്യ അഞ്ചു മാസവും നാലായിരത്തിലധികം പേർക്ക് തൊഴിൽ ലഭ്യമാക്കിയ രാജ്യത്തെ ഏക നഗരവും കൊച്ചിയായിരുന്നു.
എൽഡിഎഫ് സർക്കാരിന്റെ കഴിഞ്ഞ ആറു വർഷത്തിനിടെ സംസ്ഥാനത്തെ മൂന്ന് ഐടി പാർക്കിലുമായി 46.47 ലക്ഷം ചതുരശ്രയടി ഇടമാണ് പുതുതായി നിർമിച്ചത്. ഇതുവഴി 45,869 പേർക്ക് തൊഴിൽ ലഭിച്ചു. തിരുവനന്തപുരം ടെക്നോപാർക്കിൽ 15,000, കൊച്ചി ഇൻഫോപാർക്കിൽ 29,700, കോഴിക്കോട് സൈബർ പാർക്കിൽ 1169ഉം തൊഴിലവസരമാണ് സൃഷ്ടിച്ചത്. അടുത്ത നാലു വർഷത്തിൽ മൂന്ന് ഐടി പാർക്കിലുമായി 63 ലക്ഷം ചതുരശ്രയടി സ്ഥലമാണ് പുതുതായി നിർമിക്കുന്നത്. ഇതുവഴി 67,000 തൊഴിലവസരമുണ്ടാകുമെന്നാണ് പ്രതീക്ഷ.