കണ്ണൂർ
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. മൂന്ന് യാത്രക്കാരിൽനിന്നായി 73 ലക്ഷത്തോളം രൂപ വിലവരുന്ന 1,525 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. കാസർകോട് സ്വദേശികളായ മുഹമ്മദ് ഷാക്കിർ, ഇബ്രാഹിം ബാദുഷ, തലശേരി പാലയാട് സ്വദേശി മുഹമ്മദ് ഷാനു എന്നിവരെ അറസ്റ്റുചെയ്തു.
അബുദാബിയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ മുഹമ്മദ് ഷാക്കിർ ഹാർഡ് ബോർഡിൽ ഒട്ടിച്ചനിലയിലും ഫോയിൽപേപ്പറിന്റെ രൂപത്തിലുമാണ് 745 ഗ്രാം സ്വർണം സ്വർണം കടത്താൻ ശ്രമിച്ചത്. ഇതേ വിമാനത്തിൽ ഇബ്രാഹിം ബാദുഷ താക്കോൽപ്പൂട്ടിനുള്ളിൽ ഒളിപ്പിച്ചാണ് 18 ലക്ഷം രൂപ വിലവരുന്ന 350 ഗ്രാം സ്വർണം കടത്തിയത്. മസ്കറ്റിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ മുഹമ്മദ് ഷാനു 430 ഗ്രാം സ്വർണം പേസ്റ്റ് രൂപത്തിലാക്കി പ്ലാസ്റ്റിക് ഷീറ്റിലും കളിപ്പാട്ടങ്ങളുടെ പെട്ടിയിലും ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.
കസ്റ്റംസ് അസി. കമീഷണർ ടി എം മുഹമ്മദ് ഫയിസ്, സൂപ്രണ്ടുമാരായ എൻ സി പ്രശാന്ത്, കെ ബിന്ദു, ഇൻസ്പെക്ടർമാരായ നിവേദിത, ജിനേഷ്, ദീപക്, വി രാജീവ്, രാംലാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതികളെ ജാമ്യത്തിൽ വിട്ടു.