തിരുവനന്തപുരം
ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ കേരളത്തിന് 100 ശതമാനം വിജയം. സംസ്ഥാനത്തെ 162 സ്കൂളിൽനിന്ന് പരീക്ഷ എഴുതിയ 7823 വിദ്യാർഥികളും ഉപരിപഠനയോഗ്യത നേടി. ഇതിൽ 4,113 പെൺകുട്ടികളും 3,710 ആൺകുട്ടികളുമാണ്. കേരളത്തിൽനിന്നുള്ള രണ്ടു വിദ്യാർഥികൾ മെറിറ്റ് പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഇടം നേടി. തിരുവനന്തപുരം മുക്കോലയ്ക്കൽ സെന്റ് തോമസ് റസിഡൻഷ്യൽ സ്കൂളിലെ എസ് ജെ ആതിര, ഗൗരി അരുൺ എന്നിവരാണ് ദേശീയതലത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ സംസ്ഥാനത്തുനിന്ന് എത്തിയത്. എസ് ജെ ആതിര 99.6 ശതമാനം മാർക്ക് നേടി ദേശീയതലത്തിൽ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ഗൗരി അരുൺ 99.4 ശതമാനം മാർക്ക് സ്വന്തമാക്കി മൂന്നാം സ്ഥാനത്തെത്തി.
ആതിര സംസ്ഥാനതലത്തിൽ ഒന്നാമതെത്തിയപ്പോൾ ഗൗരിക്കാണ് രണ്ടാം സ്ഥാനം. തിരുവനന്തപുരം സെന്റ് തോമസ് റസിഡൻഷ്യൽ സ്കൂളിലെ വിഷ്ണു യു പ്രഭു, തിരുവനന്തപുരം ലെകോൾ ചെമ്പക സ്കൂളിലെ മാളവിക കിഷോർ, ദേവശ്രീ വിഷ്ണു, എറണാകുളം മാർ അത്തനേഷ്യസ് ഇന്റർനാഷണൽ സ്കൂളിലെ ജോഷ്ബി ബിനി, നയന ഷാജി മേക്കുന്നേൽ എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു.