ഒറിഗോൺ
ഓടിത്തീർന്നപ്പോൾ ഫ്രെഡ് കെർലിക്ക് ഒന്നും മനസ്സിലായില്ല. ക്ലോക്കിൽ നോക്കിയപ്പോൾ തെളിഞ്ഞുകണ്ടു– ഫ്രെഡ് കെർലി, നമ്പർ 1. ലോക അത്ലറ്റിക്സിലെ പുതിയ വേഗരാജാവ് അവിടെ ഉദിച്ചു. 9.86 സെക്കൻഡിലാണ് സ്വർണം. ആദ്യ മൂന്ന് സ്ഥാനങ്ങൾ അമേരിക്ക തൂത്തുവാരി. മാർവിൻ ബ്രാസിക്കും (9.88) ട്രയ്-വൺ ബ്രൊമ്മെലിനും (9.88) ആയിരുന്നു മറ്റു രണ്ട് സ്ഥാനങ്ങൾ. 1991നുശേഷം ആദ്യമായാണ് അമേരിക്കയുടെ ഈ നേട്ടം.
ഹീറ്റ്സിൽ 9.79 സമയംകുറിച്ച കെർലിക്കായിരുന്നു ഫെെനലിലും മുൻതൂക്കം. എന്നാൽ, ബ്രാസി വെല്ലുവിളിച്ചു. അവസാന 25 മീറ്ററിലായിരുന്നു മിന്നൽക്കുതിപ്പ്. ടോക്യോ ഒളിമ്പിക്സിലെ വെള്ളിമെഡൽ ജേതാവാണ്. അന്ന് ഇറ്റലിയുടെ മാർസെൽ ജേക്കബ്സിനോട് 0.04 സെക്കൻഡിന് കീഴടങ്ങുകയായിരുന്നു. ജേക്കബ്സ് ഇവിടെ പരിക്ക് കാരണം സെമിക്കുമുമ്പ് പിന്മാറി.
നാനൂറിലായിരുന്നു കെർലിയുടെ തുടക്കം. 2019ലെ ദോഹ ചാമ്പ്യൻഷിപ്പിൽ ഈയിനത്തിൽ വെങ്കലവും സ്വന്തമാക്കി. ലോകം ചുറ്റിക്കറങ്ങാൻ കൊതിച്ച ബാല്യമുണ്ടായിരുന്നു കെർലിക്ക്. ആ സ്വപ്നം ഏതെങ്കിലും കാലത്ത് പൂവണിയുമെന്ന് ഒരു ഉറപ്പുമില്ലാത്ത ബാല്യം. രണ്ടാംവയസ്സിൽ അച്ഛൻ ജയിലിലായി. പിന്നെ അമ്മയെയും കണ്ടില്ല. അമ്മായി വിർജീനിയ, കെർലിയെയും സഹോദരങ്ങളെയും ദത്തെടുക്കുകയായിരുന്നു. ടെക്സാസിലെ ആ വീട്ടിൽ ആകെ 27 പേർ. 13 പേർക്ക് ഒരു കിടപ്പുമുറി. അവിടെനിന്നായിരുന്നു വളർച്ച. ഹെെസ്കൂളിൽ പഠിക്കുമ്പോൾ ഫുട്ബോളിലായി താൽപ്പര്യം. പിന്നെ ട്രാക്കിലേക്ക്. അമ്മായിയുടെ പേര് കെർലിയുടെ കെെകളിൽ പച്ച കുത്തിയിട്ടുണ്ട്.ലോക ചാമ്പ്യൻഷിപ് ഫൈനലിൽ മത്സരിച്ച എട്ടുപേരിൽ നാലും അമേരിക്കൻ താരങ്ങളായിരുന്നു. നാലാമൻ 2019ലെ ലോക ചാമ്പ്യൻ ക്രിസ്റ്റ്യൻ കോൾമാൻ. ഇത്തവണ ആറാംസ്ഥാനത്തായി. മൂന്നാംതവണയാണ് അമേരിക്ക ആദ്യ മൂന്ന് സ്ഥാനം നേടുന്നത്. 1991നുമുമ്പ് 1983ലും സ്വന്തമാക്കി. രണ്ടുതവണയും കാൾ ലൂയിസിനായിരുന്നു സ്വർണം.