ഒറിഗോൺ
ആരും കരുതിയതല്ല, പ്രവചിച്ചതുമല്ല. ജിയാനൻ വാങ് എന്ന ചൈനക്കാരന്റെ അവസാന കുതിപ്പ്. ഏവരെയും അമ്പരപ്പിച്ച് പറന്നിറങ്ങിയത് ലോക ചാമ്പ്യൻപട്ടത്തിലേക്ക്. പുരുഷന്മാരുടെ ലോങ്ജമ്പിൽ ആറാംചാട്ടത്തിൽ പിന്നിട്ട ദൂരം 8.36 മീറ്റർ. ഫൈനലിൽ 12 പേരായിരുന്നു. അതിൽ ഒന്നുമുതൽ ഏഴു റാങ്കുകാർവരെയുണ്ട്. സ്വർണത്തിനായി മുൻനിരയിലുണ്ടായിരുന്നത് ഗ്രീസിന്റെ ഒളിമ്പിക്സ് ചാമ്പ്യനും ഒന്നാംറാങ്കുകാരനുമായ മിൽറ്റിയാഡിസ് ടെന്റോഗ്ലു, രണ്ടാംറാങ്കുകാരനായ സ്വീഡന്റെ തോബിയാസ് മോണ്ട്ലർ. ക്യൂബയുടെ മൈക്കൽ മാസോ. ജിയാനൻ വാങ്ങിന്റേതായിരുന്നു ഏറ്റവും താഴ്ന്ന റാങ്ക് 72. ശ്രീശങ്കറിന്റെ റാങ്ക് 13.
ആദ്യചാട്ടത്തിൽ ആരും എട്ടു മീറ്റർ താണ്ടിയില്ല. 7.96 മീറ്റർ ചാടിയ ശ്രീശങ്കർ ഒന്നാമൻ. ജിയാനൻ വാങ് 7.94 മീറ്റർ. ടെന്റോഗ്ലു ഫൗളായി. രണ്ടാംചാട്ടത്തിൽ അഞ്ചുപേർ എട്ടുമീറ്റർ കടന്നു. ചാട്ടം ഫൗളായതോടെ ശ്രീശങ്കർ ആറാമതായി. ടെന്റോഗ്ലു 8.30 മീറ്ററുമായി ലീഡ് നേടി. വാങ് ഫൗൾ. മൂന്നാംചാട്ടം ശ്രീശങ്കർ ഫൗൾ. അതോടെ ഏഴാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ടെന്റോഗ്ലു ഇത്തവണയും 8.29 മീറ്റർ. വാങ് 8.03.
നാലാമത്തെ ചാട്ടംമുതൽ മത്സരം എട്ടുപേരായി ചുരുങ്ങി. ശ്രീങ്കർ 7.89 മീറ്ററും ടെന്റോഗ്ലു 8.24 മീറ്ററും കണ്ടപ്പോൾ വാങ് ഫൗൾ. അഞ്ചാമത്തെ ചാട്ടത്തിൽ 8.32 മീറ്റർ എത്തിയ ഗ്രീസുകാരൻ സ്വർണം ഉറപ്പിച്ചതാണ്. മെഡൽപ്രതീക്ഷ ഇല്ലാതിരുന്ന വാങ് 8.03 മീറ്ററോടെ അഞ്ചാമത്. ശ്രീശങ്കർ വീണ്ടും ഫൗൾ. അവസാനചാട്ടം ശ്രീശങ്കർ 7.83 മീറ്ററോടെ അവസാനിപ്പിച്ചു. തുടർന്നായിരുന്നു ചൈനീസ് താരത്തിന്റെ അത്ഭുതകരമായ ചാട്ടം.
ആറാമത്തെ ചാട്ടത്തിനൊരുങ്ങുമ്പോൾ ഇരുപത്തഞ്ചുകാരൻ അഞ്ചാംസ്ഥാനത്തായിരുന്നു. അഞ്ചടി ഒമ്പതിഞ്ച് ഉയരമുള്ള വാങ്ങിന്റെ ആ ചാട്ടം ആരും കാര്യമാക്കിയില്ല. ഒരു പക്ഷിയെപ്പോലെ വായുവിലേക്കുയർന്ന് പറന്നിറങ്ങിയപ്പോൾ സ്റ്റേഡിയം വിസ്മയംകൊണ്ടു. ലോകകിരീടം മാത്രം കിട്ടാതെപോയ ടെന്റോഗ്ലു അവിശ്വസനീയതതോടെ ബോർഡിൽ നോക്കി–-8.36 മീറ്റർ. അതോടെ ആത്മവിശ്വാസം നഷ്ടപ്പെട്ട ഗ്രീക്കുകാരൻ അവസാനചാട്ടം 8.20 മീറ്ററിൽ അവസാനിപ്പിച്ചപ്പോഴേക്കും വാങ് ദേശീയപതാകയുമായി ആഘോഷം തുടങ്ങിയിരുന്നു.
യൂറോപ്യൻ ചാമ്പ്യൻഷിപ്പിലും സ്വർണം നേടിയിട്ടുള്ള ടെന്റോഗ്ലുവിന് ലോകകിരീടത്തിന് ഇനിയും കാത്തിരിക്കണം. വാങ് 2015ലെ ബീജിങ് ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയിട്ടുണ്ട്. ജക്കാർത്തയിൽ 2018ൽ നടന്ന ഏഷ്യൻ ഗെയിംസിൽ സ്വർണമായിരുന്നു.