ഒറിഗോൺ
പാവെൽ ഫയ്ദെക്കിന് ഇക്കുറിയും എതിരില്ല. ഹാമർത്രോയിൽ തുടർച്ചയായ അഞ്ചാംതവണയും പോളണ്ടുകാരൻ ലോകകിരീടം സ്വന്തമാക്കി. ഒറിഗോണിൽ 81.98 മീറ്റർ എറിഞ്ഞായിരുന്നു നേട്ടം. ഒളിമ്പിക് ചാമ്പ്യൻ വോജിയെക് നോവിക്കിക്കാണ് (81.03) വെള്ളി. വെങ്കലം നോർവെയുടെ ഇയ്-വിൻ ഹെൻറിക്സൺ (80.87) സ്വന്തമാക്കി. ടോക്യോ ഒളിമ്പിക്സിൽ ഈ മൂന്നുപേർതന്നെയാണ് മെഡൽപട്ടികയിൽ വന്നത്.
ലോക ചാമ്പ്യൻഷിപ് ഒരേയിനത്തിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയതിൽ ഫെയ്ദെക്കിനുമുന്നിൽ പോൾവോൾട്ട് ഇതിഹാസം സെർജി ബൂബ്കമാത്രമാണ്. ബൂബ്കയ്ക്ക് ആറ് മെഡലാണ്.
വനിതകളുടെ ഷോട്ട്പുട്ടിൽ അമേരിക്കയുടെ ചേസ് ഈലിക്കാണ് സ്വർണം. 2019ലെ ചാമ്പ്യൻ ചെെനയുടെ ഗോങ് ലിജിയാവോയ്ക്കാണ് വെള്ളി. വനിതകളുടെ 10,000 മീറ്ററിൽ എത്യോപ്യയുടെ ലെറ്റെസെൻബെറ്റ് ജിഡെ ചാമ്പ്യനായി. 2019ലെ ചാമ്പ്യൻ നെതർലൻഡ്സിന്റെ സിഫാൻ ഹസന് നാലാംസ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.