ഒറിഗോൺ
ഞായറാഴ്ചപ്പുലരിയിൽ മെഡൽ വിരിഞ്ഞില്ല. കാത്തിരിപ്പിനൊടുവിൽ കൊടിയ നിരാശ. പുരുഷന്മാരുടെ ലോങ്ജമ്പിൽ എം ശ്രീശങ്കർ ഏഴാംസ്ഥാനത്തായി. അഞ്ജു ബോബി ജോർജിന്റെ പിൻഗാമിയായി ലോകമീറ്റിൽ മെഡൽ നേടാനുള്ള സുവർണാവസരം പാഴായി. ഈ സീസണിലെ പ്രകടനം ആവർത്തിച്ചിരുന്നെങ്കിൽ മെഡൽ കിട്ടിയേനെ.
പക്ഷേ, മികച്ച ചാട്ടം 7.96 മാത്രം. ആദ്യചാട്ടത്തിലെ കുതിപ്പ് തുടരാനായില്ല. രണ്ടും മൂന്നും ചാട്ടം ഫൗളായി. നാലാമത്തേത് 7.89 മീറ്ററായി കുറഞ്ഞു. അഞ്ചാമത്തേത് ഫൗൾ.
അവസാനത്തെ ചാട്ടം 7.83 മീറ്റർ. ശ്രീശങ്കർ ഏപ്രിലിൽ കലിക്കറ്റ് സർവകലാശാലാ സ്റ്റേഡിയത്തിൽ കുറിച്ച ദേശീയ റെക്കോഡ് ദൂരമായ 8.36 മീറ്ററിലാണ് ഇവിടെ സ്വർണം പിറന്നത്. ചൈനയുടെ ഇരുപത്തഞ്ചുകാരൻ ജിയാനൻ വാങ്ങിന്റെ അപ്രതീക്ഷിത നേട്ടം. ഒളിമ്പിക്സ്, യൂറോപ്യൻ കിരീടങ്ങൾ നേടിയ ഗ്രീസിന്റെ മിൽറ്റിയാഡിസ് ടെന്റോഗ്ലു 8.32 മീറ്ററോടെ രണ്ടാമതായി. സ്വിറ്റ്സർലൻഡിന്റെ സൈമൺ എഹ്മ്മർ 8.16 മീറ്ററുമായി വെങ്കലം സ്വന്തമാക്കി.
രണ്ടാംദിവസം ഇന്ത്യക്ക് സന്തോഷിക്കാൻ ഒന്നുമില്ല. പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ മലയാളിതാരം എം പി ജാബിർ സെമിയിലെത്താതെ പുറത്തായി. ഹീറ്റ്സിൽ 50.76 സെക്കൻഡിൽ അവസാനമായാണ് ഫിനിഷ് ചെയ്തത്. 35 പേർ അണിനിരന്ന മത്സരത്തിൽ 31–-ാംസ്ഥാനം. വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ പരുൾ ചൗധരിക്കും നിരാശമാത്രം. 9:38.09 സെക്കൻഡോടെ ഹീറ്റ്സിൽ പന്ത്രണ്ടാമത്. 42 പേരിൽ സ്ഥാനം 31.