കൂത്തുപറമ്പ്
മണിച്ചെയിൻ മാതൃകയിൽ നൂറ് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ അന്വേഷണം ഊർജിതമാക്കി കൂത്തുപറമ്പ് പൊലീസ്. കഴിഞ്ഞ ദിവസം റിമാൻഡിലായ പ്രധാന പ്രതി മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് ഫൈസലിനെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. കൂത്തുപറമ്പ് പൊലീസ് ഇൻസ്പെക്ടർ ബിനു മോഹൻ നൽകിയ അപേക്ഷയിലാണ് തലശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ നടപടി. കേസിലെ മറ്റ് പ്രതികളെയും രേഖകളും കണ്ടെത്തുന്നതിനും തെളിവെടുപ്പ് നടത്തുന്നതിനുമാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്.
സംസ്ഥാനത്തിനകത്തും പുറത്തും സ്ഥാപനങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ച് മണിച്ചെയിൻ മാതൃകയിൽ നിക്ഷേപം സ്വീകരിച്ചാണ് തട്ടിപ്പ് നടത്തിയത്. വിവിധ ജില്ലകളിലുളളവരുടെ പണം നഷ്ടമായി. കോഴിക്കോട് ആസ്ഥാനമായി ‘മൈ ക്ലബ് ട്രേഡേഴ്സ്’ എന്ന പേരിൽ കമ്പനിയുണ്ടെന്ന് നിക്ഷേപകരെ വിശ്വസിപ്പിച്ചത് വ്യാജമെന്ന് തെളിഞ്ഞിരുന്നു. ‘പ്രിൻസസ് ഗോൾഡൻ ആൻഡ് ഡയമണ്ട്’ എന്ന പേരിൽ ബാങ്കോക്കിലും തായ്ലൻഡിലും സ്ഥാപനങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ചും നിക്ഷേപം സ്വീകരിച്ചു. ഒരു ലക്ഷംമുതൽ ഒന്നരക്കോടി രൂപ വരെ നിക്ഷേപിച്ചവർ ഇതിലുണ്ട്. ആദ്യം ചെറിയ തുക ലാഭവിഹിതം നൽകി വിശ്വാസ്യത പിടിച്ചുപറ്റിയെങ്കിലും പിന്നീട് പണം ലഭിക്കാതായതോടെയാണ് തട്ടിപ്പ് പുറത്തായത്. നിക്ഷേപകർ പരാതിയും നൽകി.
കൂത്തുപറമ്പ് മേഖലയിലെ തട്ടിപ്പിൽ കുടുങ്ങിയവർ നൽകിയ പരാതിയിൽ കൂത്തുപറമ്പ് എസിപി പ്രദീപൻ കണ്ണിപ്പൊയിൽ പ്രത്യേക സ്ക്വാഡിനെ നിയമിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഘത്തിലെ പ്രധാനിയും കമ്പനിയുടെ സിഇഒയുമായ മുഹമ്മദ് ഫൈസൽ പിടിയിലായത്. തൃശൂർ, ആലപ്പുഴ, വയനാട്, കണ്ണൂർ, കാസർകോട്, കോഴിക്കോട്, എറണാകുളം ജില്ലകളിലും സമാനരീതിയിൽ കേസുകളുണ്ട്. മട്ടന്നൂർ കയനി സ്വദേശിയായ മുഹമ്മദലിയാണ് കേസിലെ ഒന്നാം പ്രതി. കമ്പനിയുടെ 12 ഡയറക്ടർമാരും പ്രതികളാണ്. ചില കേസുകളിൽ അറസ്റ്റിലായ ഇവർ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഇവരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.