തിരുവനന്തപുരം
കേരളത്തിൽ 20,000 കോടി ചെലവിൽ മൂന്നാംപാത നിർമിക്കുമെന്ന പഴകിത്തേഞ്ഞ തെരഞ്ഞെടുപ്പ് തള്ളുമായി വീണ്ടും ബിജെപി. ലോക്സഭാ തെരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിൽ സീറ്റുറപ്പാക്കാനുള്ള പൊടിക്കൈയായാണ് ഈ മോഹനവാഗ്ദാനം. 2000 കോടിയുടെ സിൽവർ ലൈൻ പദ്ധതിയെ എതിർക്കുന്നവർ 20,000 കോടിയുടെ പദ്ധതി എങ്ങനെ കൊണ്ടുവരുമെന്നാണ് ചർച്ച.
നിലവിൽ ദില്ലി–- ആഗ്ര സെക്ടറിലെ ഒരു ലൈനിൽ മാത്രം കിട്ടുന്ന 160 കിലോ മീറ്റർ വേഗതയിൽ ട്രെയിൻ ഓടിക്കുമെന്നും പറയുന്നുണ്ട്. 626 വളവുകളുള്ള സംസ്ഥാനത്തെ ട്രാക്കിലൂടെ പറന്നുപോയാലും ഈ വേഗം കിട്ടില്ല. ഷൊർണൂർ–- എറണാകുളം മൂന്നാംപാത നിർമിക്കുന്നതിലെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി നേരത്തെ തന്നെ ഒഴിവാക്കിയതാണ് ഈ നടക്കാത്ത പദ്ധതി. വളവ് നികത്തി മൂന്നാം പാത നിർമിക്കണമെങ്കിൽ നിരവധി സ്റ്റേഷൻ ഉപേക്ഷിക്കേണ്ടിവരും. നിലവിൽ 57 കിലോ മീറ്റർ വേഗത്തിലാണ് ട്രെയിൻ ഓടുന്നത്. പതിറ്റാണ്ടുകളെടുത്ത് പുതിയ പദ്ധതി പൂർത്തിയാക്കിയാലും 160 കിലോമീറ്റർ വേഗത കിട്ടില്ലെന്ന് വിദഗ്ധാഭിപ്രായം. പാത ഇരട്ടിപ്പിക്കൽപ്പോലും കേരളത്തിൽ ഇനിയും പൂർത്തിയായിട്ടില്ല. അതിന്റെ പേരിലുള്ള യാത്രാദുരിതം വേറെ. ഒടുവിൽ നേമം ടെർമിനൽ അടക്കമുള്ള പദ്ധതി ഉപേക്ഷിച്ച ബിജെപി സർക്കാരാണ് കേരളത്തിനായി 20,000 കോടി ചെലവിടുമെന്ന് കൊട്ടിഘോഷിക്കുന്നത്.