പാരീസ്/ലിസ്ബണ്‍
യൂറോപ്പില്‍ ഉഷ്ണതരംഗത്തെ തുടര്‍ന്ന് പോര്‍ച്ചുഗലിലെ ബോഡൗ മേഖലയിലെ കാട്ടുതീ അണയ്ക്കാനുള്ള ശ്രമത്തിനിടെ അഗ്നിരക്ഷാസേന പൈലറ്റ് കൊല്ലപ്പെട്ടു. തീയണയ്ക്കുന്നതിനിടെ വിമാനം തകര്‍ന്നാണ് പൈലറ്റ് കൊല്ലപ്പെട്ടത്. അഞ്ചാം ദിവസവും തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞില്ല. ഫ്രാന്‍സ്, സ്പെയിന് എന്നിവിടങ്ങളിലും കാട്ടുതീ വ്യാപകമാണ്.
കാട്ടുതീയിലും ഉഷ്ണതരംഗത്തിലുംപെട്ട് 360 മരണമാണ് ഒരാഴ്ചയ്ക്കിടെയുണ്ടായത്. ഫ്രാന്‍സിലെ ഗിരോണ്ട് മേഖലയില്‍ 14,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. പ്രദേശത്ത് വെള്ളമൊഴിക്കാന്‍ ശേഷിയുള്ള വിമാനങ്ങളില്‍ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ഫ്രാന്‍സില്‍ തിങ്കളാഴ്ച ഉഷ്ണതരംഗം അതിന്റെ തീവ്രതയിലെത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇംഗ്ലണ്ടിന്റെ വിവിധയിടങ്ങളില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ “തീവ്ര ചൂട്’ മുന്നറിയിപ്പ് നല്കി. മൊറോക്കോ, ക്രൊയേഷ്യ, ഹംഗറി, കലിഫോര്‍ണിയ എന്നിവിടങ്ങളിലും ഈ ആഴ്ച കാട്ടുതീയുണ്ടായി.