കൊളംബോ
രാജ്യത്ത് പ്രസിഡന്റ് സ്ഥാനം വേണ്ടെന്ന നിലപാടില്‍ ശ്രീലങ്കന്‍ ജനത. പ്രസിഡന്റ് സ്ഥാനം നിര്‍ത്തലാക്കുന്നതടക്കം ഭരണ സംവിധാനത്തിൽ സമ്പൂര്‍ണ മാറ്റംവരുന്നതുവരെ സമരം തുടരുമെന്ന് പ്രക്ഷോഭകര്‍ അറിയിച്ചു. ഗോതബായ രജപക്സെയെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് താഴെയിറക്കിയ ഐതിഹാസിക സമരത്തിന്റെ 100–-ാം ദിനമായ ഞായറാഴ്ചയാണ് പ്രക്ഷോഭകരുടെ പ്രഖ്യാപനം. ഇത് ഞങ്ങളുടെ സ്വാതന്ത്ര്യസമരമാണ്. സാധാരണക്കാരുടെ ശക്തിയില്‍ സ്വേച്ഛാധിപതിയായ പ്രസിഡന്റിനെ വീട്ടിലേക്ക് മടക്കിയയക്കാന്‍ കഴിഞ്ഞെന്ന് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്കിയവരിൽ ഒരാളായ വൈദികന് ജീവാന്ത പെയിരിസ് പറഞ്ഞു.
ശ്രീലങ്കയില്‍ ഏപ്രില്‍ ഒമ്പതിനാണ് പ്രസിഡന്റിന്റെ ഓഫീസിനു മുന്നില്‍ ജനകീയ സമരം ആരംഭിച്ചത്. താൽക്കാലിക പ്രസിഡന്റ് റനില്‍ വിക്രമസിംഗെയാണ് പ്രക്ഷോഭകരുടെ അടുത്ത ലക്ഷ്യം. ബുധനാഴ്ച നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കുന്ന റനിലിനെതിരെ പ്രചാരണങ്ങൾ ആരംഭിച്ചതായി പ്രക്ഷോഭകര്‍ അറിയിച്ചു.