ന്യൂഡൽഹി
കേന്ദ്ര ബിജെപി സർക്കാർ ജിഎസ്ടി ചുമത്തിയതോടെ തിങ്കൾ മുതൽ അരിയും ഗോതമ്പും പാലുമടക്കമുള്ള നിത്യോപയോഗ സാധനങ്ങൾക്ക് വില കുത്തനെ കൂടും. വിലക്കയറ്റത്തിൽ പൊറുതിമുട്ടിയ രാജ്യത്ത് ഇത് കൂനിൻമേൽ കുരുവാകും.
ജൂണിൽ ചണ്ഡീഗഢിൽ ചേർന്ന ജനറൽ കൗൺസിൽ യോഗത്തിലാണ് നിത്യോപയോഗസാധനങ്ങൾക്ക് ജിഎസ്ടി ചുമത്താൻ തീരുമാനിച്ചത്. പ്രധാനമായും പായ്ക്കറ്റിലുള്ളവ വാങ്ങുന്നവരെയാണ് വിലക്കയറ്റം ബാധിക്കുക. 5,12, 18 സ്ലാബിലാണ് നിരക്കുയർത്തൽ.
സമ്പന്നരെ പ്രീണിപ്പിക്കാൻ ആഡംബരവസ്തുക്കൾക്ക് 28 ശതമാനം ജിഎസ്ടിയെന്നത് കേന്ദ്രം പലതവണയായി കുറച്ചിരുന്നു. വരുമാനം കൂട്ടാൻ ഈ നികുതി ഉയർത്തണമെന്ന പൊതുനിർദേശം പാലിക്കാതെയാണ് അവശ്യസാധനങ്ങളുടെ നികുതി വർധിപ്പിച്ചത്.
അരിക്ക് 2 രൂപ വർധിക്കും
അരിക്ക് അഞ്ചുശതമാനം ജിഎസ്ടി ഏർപ്പെടുത്തിയ ഉത്തരവിൽ അവ്യക്തതയുണ്ടെങ്കിലും തിങ്കൾ മുതൽ കൂടിയ വില ഈടാക്കുമെന്ന് അരി മൊത്തവ്യാപാരികൾ അറിയിച്ചു. കിലോയ്ക്ക് രണ്ടുമുതൽ രണ്ടരരൂപവരെ വർധിക്കും.നികുതിയുള്ള, 25 കിലോവരെയുള്ള രജിസ്ട്രേഡ് ബ്രാൻഡ് പാക്കറ്റിനാണോ ലേബൽ ചെയ്ത മുഴുവൻ പായ്ക്കറ്റിനുമാണോ വർധനയെന്ന് വ്യക്തമല്ലെന്നും കേരള മർച്ചന്റ്സ് ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹിയും കൊച്ചിയിലെ അരി മൊത്തവ്യാപാരിയുമായ കെ വെങ്കിടേഷ് പൈ പറഞ്ഞു.
തൈരിനും
മോരിനും
3 രൂപ കൂടും
മിൽമയുടെ തൈര്, മോര്, ലസ്സി ഉൽപ്പന്നങ്ങൾക്ക് തിങ്കൾ മുതൽ വില കൂടും. തൈര്, കട്ടിമോര് എന്നിവയ്ക്ക് അര ലിറ്ററിന് മൂന്നു രൂപ വീതം വർധിക്കും. 29 രൂപയുടെ ടോൺഡ് മിൽക്ക് തൈരിന് 32 രൂപയും 27 രൂപയുടെ സ്കിം മിൽക്ക് തൈരിന് 30 രൂപയുമാകും. 30 രൂപയുണ്ടായിരുന്ന കട്ടിമോരിന് 33 രൂപയാകും. മിൽമ ഉൽപ്പന്നങ്ങളുടെ പുതുക്കിയ വിലവിവരപ്പട്ടിക തിങ്കളാഴ്ച പ്രസിദ്ധീകരിക്കും,. പാൽവില കൂടില്ലെന്നും മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു.