തിരുവനന്തപുരം
ദരിദ്രരും സാധാരണക്കാരും തൊഴിലാളികളുമടങ്ങിയ 41,75, 798 കുടുംബത്തിനുകൂടി സംസ്ഥാന സർക്കാരിന്റെ ആരോഗ്യ പരിരക്ഷ. സാർവത്രിക ആരോഗ്യ പരിരക്ഷാ പരിപാടിയുടെ ഭാഗമായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) വിപുലീകരിച്ചതോടെയാണ് കൂടുതൽ പേർക്ക് ആനുകൂല്യം ലഭ്യമാകുന്നത്. സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി (ചിസ്), ചിസ് പ്ലസ്, രാഷ്ട്രീയ സ്വസ്ഥ് ബീമാ യോജന പദ്ധതികൾ ഏകീകരിച്ച് സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്കുകീഴിലാണ് കാസ്പ് വിപുലീകരിച്ചത്.
ഇതോടെ സംസ്ഥാനത്തിലെ നാലിൽമൂന്ന് കുടുംബവും സർക്കാർ മുൻകൈയിലുള്ള ആരോഗ്യ പരിരക്ഷാ പദ്ധതികളുടെ ഭാഗമായി. കാസ്പിൽ 42 ലക്ഷം, മെഡിസെപ്പിൽ 11.34 ലക്ഷം, ഇഎസ്ഐ പദ്ധതിയിൽ 10 ലക്ഷം എന്നിങ്ങനെ 63.34 ലക്ഷം കുടുംബങ്ങൾ. ബാക്കി ഇരുപത് ലക്ഷത്തോളം കുടുംബത്തെക്കൂടി സൗജന്യ ചികിത്സാ പദ്ധതികളുടെ ഭാഗമാക്കി സാർവത്രിക ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനുള്ള നടപടികളിലാണ് സർക്കാർ.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്)യിൽ കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കുമായി ഒറ്റത്തവണ രണ്ടുലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഉറപ്പാക്കും. വൃക്കരോഗ ചികിത്സയ്ക്ക് മൂന്നുലക്ഷംവരെ സഹായമുണ്ട്. ആർഎസ്ബിവൈ, ചിസ് അംഗങ്ങൾക്കുപുറമെ 2011ലെ സാമൂഹ്യ, സാമ്പത്തിക, ജാതി സർവേയുടെ പട്ടികയിൽപ്പെട്ട കുടുംബങ്ങളുമാണ് പദ്ധതി അംഗങ്ങൾ. 19,63,724 കുടുംബത്തിന്റെ ചികിത്സാച്ചെലവ് പൂർണമായും സംസ്ഥാന സർക്കാർ വഹിക്കും. 22,12,074 കുടുംബത്തിന്റെ ചികിത്സാച്ചെലവിലേക്ക് ഓരോ കുടുംബത്തിനുമായി കേന്ദ്രം 631.2 രൂപ നൽകും. ബാക്കി സംസ്ഥാനവും.
കഴിഞ്ഞവർഷം ചെലവിട്ടത് 1141 കോടി
പദ്ധതിയിൽ കഴിഞ്ഞവർഷം 1141.39 കോടി രൂപ ചികിത്സാച്ചെലവായി അനുവദിച്ചു. 1002.5 കോടിയും ചെലവിട്ടത് സംസ്ഥാന സർക്കാർ. കേന്ദ്ര സർക്കാർ വിഹിതം 138.99 കോടിമാത്രം. 786 ആശുപത്രിയിൽ കാസ്പ് പദ്ധതി ലഭ്യമാണ്. 199 സർക്കാർ ആശുപത്രിയിലും 587 സ്വകാര്യ ആശുപത്രിയിലും. അർഹതപ്പെട്ട കുടുംബാംഗമാണെങ്കിൽ ചികിത്സ ആവശ്യമായ അവസ്ഥയിൽ ഈ ആശുപത്രികളിലൊന്നിലെത്തി അംഗത്വമെടുത്ത് സൗജന്യ ചികിത്സ തേടാം. അംഗത്വം സൗജന്യമാണ്.