തിരുവനന്തപുരം> എൻജിനിയറിങ് ബിരുദമുള്ള 25,000 യുവജനങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങളിലെ നിർമാണ പ്രവർത്തനങ്ങളിൽ തൊഴിൽ നൽകാൻ എൽഡിഎഫ് സർക്കാർ. സിവിൽ എൻജിനിയറിങ്ങിൽ ഡിഗ്രി, ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ളവരെ സർട്ടിഫൈഡ് എൻജിനിയർമാരായി നിയോഗിക്കാനാണ് സർക്കാർ പദ്ധതി. തദ്ദേശ സ്ഥാപനങ്ങളിലെ മരാമത്തു പ്രവൃത്തികളുടെ ഗുണമേന്മ ഉറപ്പാക്കാനുള്ള മേൽനോട്ടം ഇവർക്കായിരിക്കും.
പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തുകയ്ക്ക് ആനുപാതികമായാണ് നിയമനം. ബിടെക്ക്കാരെ സർട്ടിഫൈഡ് എൻജിനിയർ- എ, ഡിപ്ലോമയുള്ളവരെ ബി, ഐടിഐ സർട്ടിഫിക്കറ്റുള്ളവരെ സി കാറ്റഗറികളായി രജിസ്റ്റർ ചെയ്യും. പഠനത്തിനുശേഷം തൊഴിൽ ലഭ്യമാകാത്തവർക്കാകും മുൻഗണന. അഞ്ചു ലക്ഷം രൂപ വരെയുള്ള പ്രവൃത്തിക്ക് സി കാറ്റഗറിക്കാരെ ചുമതലപ്പെടുത്തും. അഞ്ചുമുതൽ 75 ലക്ഷം വരെയുള്ളവയ്ക്ക് ബി ഗ്രേഡ്, 75 ലക്ഷം മുതൽ 1.5 കോടി വരെയുള്ളവയ്ക്ക് ഓരോ എ, ബി ഗ്രേഡ് എൻജിനിയറെയും നിയമിക്കണം.
ഒന്നരമുതൽ രണ്ടു കോടിവരെയുള്ള പദ്ധതിക്ക് എ ഗ്രേഡ് എൻജിനിയറെ വർക്ക് മാനേജരായും ഓരോ എ, ബി ഗ്രേഡ് എൻജിനിയറെ സൈറ്റിലും നിയമിക്കും. അഞ്ചു കോടിവരെയുള്ള പ്രവൃത്തിക്ക് ഒരു വർക്ക് മാനേജരെയും മൂന്ന് ബി ഗ്രേഡുകാരെയും നിയമിക്കും. അഞ്ചുമുതൽ 20 കോടി വരെയുള്ളവയ്ക്ക് ഒരു വർക്ക് മാനേജർ, രണ്ട് സൈറ്റ് എൻജിനിയർ, രണ്ട് സൂപ്പർവൈസർമാർ എന്നിവരെ നിയമിക്കണം. 20 കോടിക്ക് മുകളിലുള്ളവയ്ക്ക് എ ഗ്രേഡ് എൻജിനിയർ, മൂന്ന് ബി ഗ്രേഡ് സൈറ്റ് എൻജിനിയർ, നാല് സി ഗ്രേഡ് സൂപ്പർവൈസർ എന്നിവരെ ചുമതലപ്പെടുത്തും.
ഓരോ പ്രവൃത്തിയുടെയും ടെൻഡറിൽ ഈ വ്യവസ്ഥകൂടി ഉൾക്കൊള്ളിക്കും. കരാറുകാരാണ് രജിസ്റ്റർ പാനലിൽനിന്ന് നിയമനം നടത്തേണ്ടത്. ഇവരുടെ പ്രവർത്തനം ഒരോ വർഷവും തദ്ദേശവകുപ്പ് വിലയിരുത്തി തുടർനിയമനം പരിഗണിക്കും. വീഴ്ച വരുത്തുന്നവരുടെ രജിസ്ട്രേഷൻ റദ്ദാക്കും. സർക്കാർ ഉത്തരവ് ഉടനുണ്ടാകും.
നിർമാണപ്രവൃത്തികളുടെ അടിസ്ഥാനത്തിൽ മാസം കുറഞ്ഞത് 18,000 രൂപ കിട്ടുന്ന വിധമായിരുക്കും നിയമനം.