കൊച്ചി> പോക്സോ കേസിൽ ഇരയായ പതിനഞ്ചുകാരിയുടെ ആറുമാസമായ ഗർഭസ്ഥശിശുവിനെ പുറത്തെടുക്കാൻ ഹൈക്കോടതി അനുമതി. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വി ജി അരുണിന്റെ ഉത്തരവ്. 24 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ നിയമം അനുവദിക്കുന്നില്ലെന്നിരിക്കെ സവിശേഷ അധികാരം വിനിയോഗിച്ചാണ് വിധി.
നിയമത്തിൽ കടിച്ചുതൂങ്ങുന്നില്ലെന്നും തീരുമാനം നീളുന്നത് പെൺകുട്ടിക്ക് ശാരീരികവും മാനസികവുമായ ക്ലേശത്തിന് കാരണമാകുമെന്നും കോടതി
വിലയിരുത്തി. മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ച കോടതി, സർക്കാർ ആശുപത്രിയിൽ സൗകര്യം ഒരുക്കാൻ ആശുപത്രി സൂപ്രണ്ടിന് നിർദേശം നൽകി. കുഞ്ഞിന് ജീവനുണ്ടെങ്കിൽ മികച്ച ചികിത്സയും പരിചരണവും ഉറപ്പാക്കണം. കുഞ്ഞിനെ ഏറ്റെടുക്കാൻ പെൺകുട്ടി തയ്യാറാകുന്നില്ലെങ്കിൽ ബാലനീതി നിയമപ്രകാരം സർക്കാർ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും കോടതി നിർദേശിച്ചു.