കൊച്ചി> മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തകസമിതി യോഗത്തിൽ കുഞ്ഞാലിക്കുട്ടിക്ക് രൂക്ഷവിമർശം. ദേശീയ ജനറൽ സെക്രട്ടറികൂടിയായ കുഞ്ഞാലിക്കുട്ടി ലീഗിനുവേണ്ടി സജീവമല്ലെന്നും യുഡിഎഫിൽ തന്നെയാണോയെന്നും ഒരുവിഭാഗം വിമർശം ഉയർത്തിയതോടെ ശനി വൈകിട്ട് കൊച്ചിയിൽ ചേർന്ന യോഗത്തിൽ രാജിഭീഷണി മുഴക്കി. കെ എസ് ഹംസ ഉൾപ്പെടെയുള്ളവർ ഇത്തരത്തിൽ അഭിപ്രായപ്പെട്ടു. അന്വേഷകസംഘത്തെ പേടിച്ചാണോ കുഞ്ഞാലിക്കുട്ടി നിശബ്ദത പാലിക്കുന്നതെന്നും വിമർശമുയർന്നു.
സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ ഉൾപ്പെടെ ഉന്നതാധികാര സമിതി അംഗങ്ങൾ കുഞ്ഞാലിക്കുട്ടിയെ പിന്തുണയ്ക്കാൻ മുന്നോട്ടുവന്നില്ല. അബ്ദു റഹ്മാൻ രണ്ടത്താണി ഉൾപ്പെടെ ചിലർമാത്രമാണ് പേരിനെങ്കിലും കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ചത്. ചന്ദ്രിക പത്രത്തിന്റെ വരവും ചെലവും പാർടി അറിയണമെന്ന് കെ എം ഷാജി ആവശ്യപ്പെട്ടു. ഇതും കുഞ്ഞാലിക്കുട്ടിയെ പ്രതിരോധത്തിലാക്കി. ശനി രാത്രി വൈകി അവസാനിച്ച യോഗത്തിനുശേഷം സംസ്ഥാന ആക്ടിങ് സെക്രട്ടറി പി എം എ സലാംമാത്രമാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്. കുഞ്ഞാലിക്കുട്ടി പങ്കെടുക്കാൻ തയ്യാറാകാത്തതാണ് സാദിഖലി തങ്ങൾ വാർത്താസമ്മേളനത്തിനുമുമ്പ് മടങ്ങാൻ കാരണമെന്നും സൂചനയുണ്ട്.