തിരുവനന്തപുരം> സാധാരണക്കാർക്ക് വൻവിലക്കുറവിൽ മരുന്ന് നൽകുന്ന കാരുണ്യ കമ്യൂണിറ്റി ഫാർമസിയെ തകർക്കാൻ ബോധപൂർവ ശ്രമം. കാരുണ്യ ഫാർമസികളിൽ മരുന്ന് ലഭ്യമല്ലെന്ന് മാധ്യമങ്ങൾ പ്രചരിപ്പിക്കുമ്പോൾ ഗുണം ലഭിക്കുക സ്വകാര്യ മെഡിക്കൽ സ്റ്റോറുകൾക്ക്. പത്തുമുതൽ 93 ശതമാനംവരെ വിലക്കുറവിലാണ് കാരുണ്യ ഫാർമസിയിൽ മരുന്ന് വിൽക്കുന്നത്. 2019-–-2020 സാമ്പത്തികവർഷം 391 കോടിയായിരുന്നു വിറ്റുവരവ്.
ഡോക്ടർമാർക്ക് ജനറിക് മരുന്ന് എഴുതാനാണ് നിർദേശമുള്ളത്. എന്നാൽ, ചിലർ ബ്രാൻഡഡ് മരുന്നുകൾ എഴുതി മരുന്നില്ലായെന്ന വ്യാജപ്രചാരണത്തിന് ശക്തി പകരാൻ ശ്രമിക്കുന്നു. ഡോക്ടർമാർ പുതുതായി എഴുതുന്ന മരുന്ന് തിരിച്ചറിയാനും പുതിയ മരുന്നിന്റെ ലഭ്യത ഉറപ്പാക്കാനും കെഎംഎസ്സിഎൽ ഒമ്പത് മെഡിക്കൽ കോളേജിലെ കാരുണ്യ ഫാർമസിയിൽ പ്രത്യേക ജീവനക്കാരെ നിയോഗിച്ചു. മരുന്ന് ലഭ്യത ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശവും നൽകിയിരുന്നു. ഏതെങ്കിലും ആശുപത്രിയിൽ മരുന്ന് തീർന്നാൽ തൊട്ടടുത്ത ആശുപത്രികളിൽനിന്ന് എത്തിക്കും.
40 ശതമാനം വിലക്കുറവിലാണ് കാരുണ്യ ഫാർമസി മരുന്നുകൾ വാങ്ങുന്നത്. എന്നാൽ, ചില പ്രത്യേക ബ്രാൻഡുകൾ ഇത്രയും വിലക്കുറവിൽ ലഭിക്കില്ല. ഇവയുടെ മറവിൽ ഒരു മരുന്നും ലഭ്യമല്ലെന്ന് പ്രചരിപ്പിക്കുകയാണെന്ന് കെഎംഎസ്സിഎൽ ജനറൽ മാനേജർ എസ് എസ് ജോയ് പറഞ്ഞു. അർബുദരോഗികൾ, ഡയാലിസിസ് ചെയ്യുന്നവർ എന്നിവർക്കും വയോമിത്രം തുടങ്ങിയവയ്ക്കും മരുന്ന് സംഭരിച്ച് വിതരണം ചെയ്യുന്നത് കാരുണ്യയാണ്. ഇവ തടസ്സമില്ലാതെ മുന്നോട്ടുപോകുയാണെന്നും ഒന്നോ രണ്ടോ മരുന്നിന്റെ ലഭ്യതക്കുറവ് ചൂണ്ടിക്കാട്ടി കാരുണ്യയിൽ മരുന്നേയില്ല എന്ന പ്രചാരണം പ്രതിഷേധാർഹമാണെന്നും എസ് എസ് ജോയ് പറഞ്ഞു.