കൊച്ചി> ദേശീയ റാങ്കിങ്ങിൽ അറുപതിന്റെ തിളക്കത്തിൽ എറണാകുളം മഹാരാജാസ് കോളേജ്. നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്കിൽ (എൻഐആർഎഫ്) കഴിഞ്ഞവർഷം 92-ാം സ്ഥാനത്തായിരുന്ന കലാലയം ഇക്കുറി 60-ാംസ്ഥാനത്തെത്തി. മാനദണ്ഡപ്രകാരമുള്ള അഞ്ചു ഘടകങ്ങളിലും മികച്ച പ്രവർത്തനം കാഴ്ചവച്ചതാണ് നേട്ടമായത്. അധ്യാപനം, പഠനവും വിഭവങ്ങളും ഗവേഷണവും പ്രൊഫഷണൽ പരിശീലനം, ബിരുദ ഫലം, വ്യാപനം- ഉൾപ്പെടുത്തല്‍, വീക്ഷണം എന്നീ ഘടകങ്ങളാണ് റാങ്കിങ്ങിനെ നിർണയിക്കുന്നത്.
അധ്യാപനം, പഠനവുംവിഭവങ്ങളും ഉള്‍പ്പെടെയുള്ള മേഖലകളിൽ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവയ്ക്കാനായി. ഈ വിഭാഗത്തിൽ 71.99 പോയിന്റും ഗവേഷണത്തിൽ 24.23 പോയിന്റും നേടി. ബിരുദഫലം വിഭാഗത്തിൽ 50 പോയിന്റിൽനിന്ന് 60.77 പോയിന്റിലേക്ക് ഉയർന്നു. ബിരുദ ഫലത്തെ ആശ്രയിച്ചുള്ള വിജയശതമാനം, പ്ലേസ്മെന്റ്, ഉന്നതവിദ്യാഭ്യാസം എന്നിവയും റാങ്കിങ്ങിന് നേട്ടമായി. വ്യാപനം– ഉൾപ്പെടുത്തല്‍ വിഷയങ്ങളിൽ 56 പോയിന്റ്, വീക്ഷണം വിഭാഗത്തിൽ 14.28 പോയിന്റും നേടി.
ഗവേഷണകേന്ദ്രങ്ങളിൽ മുന്നിൽ
ഗവേഷണരംഗത്തെ കുതിപ്പാണ് ദേശീയ റാങ്കിങ്ങിൽ മഹാരാജാസിന് നേട്ടമായത്. സംസ്ഥാനത്ത് ഏറ്റവും അധികം ഗവേഷണകേന്ദ്രങ്ങളുള്ള അഫിലിയേറ്റഡ് കോളേജാണ് മഹാരാജാസ്. 18 ഗവേഷണകേന്ദ്രങ്ങൾ ഇവിടെയുണ്ട്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലാണ് (17) കൂടുതൽ കേന്ദ്രങ്ങൾ ഉണ്ടായിരുന്നത്. മഹാരാജാസിൽ മ്യൂസിക് ഡിപ്പാർട്ട്മെന്റിനുകൂടി ഗവേഷണപദവി ലഭിച്ചതോടെ യൂണിവേഴ്സിറ്റി കോളേജിനെ മറികടന്നു. ഫിസിക്കൽ എഡ്യുക്കേഷൻ, ജിയോളജി, ആർക്കിയോളജി ഡിപ്പാർട്ടുമെന്റുകൾ ഒഴികെ കോളേജിലെ മറ്റെല്ലാ ഡിപ്പാർട്ട്മെന്റുകളും ഗവേഷണകേന്ദ്രങ്ങളായി പ്രവർത്തിക്കുന്നവയാണ്. മുന്നൂറിലധികം ഗവേഷകവിദ്യാർഥികളും ഇവിടെയുണ്ട്.
പുതിയ ഓഡിറ്റോറിയം, ലൈബ്രറി കോംപ്ലക്സ്, റിങ് റോഡ്, അധ്യാപകർക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ തുടങ്ങിയ അടിസ്ഥാനസൗകര്യ വികസനംകൂടി പൂർത്തിയാകുന്നതോടെ കോളേജ് കൂടുതൽ ഉയരങ്ങളിലെത്തും. വരുംവർഷങ്ങളിൽ റാങ്കിങ്ങിൽ നേട്ടം കൈവരിക്കാൻ മഹാരാജാസിന് കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അധ്യാപകനും കോളേജ് ഗവേണിങ് കൗൺസിൽ അംഗവുമായ ഡോ. എം എസ് മുരളി പറഞ്ഞു.
സർക്കാരിന്റെ സഹായങ്ങളും ഗവേണിങ് കൗൺസിലിന്റെ നിരന്തര ഇടപെടലും കോളേജ് പ്രവർത്തനങ്ങൾക്ക് ഗുണകരമാകും. 2016ൽ ഏഴു ഗവേഷണകേന്ദ്രങ്ങളാണ് കോളേജിൽ ഉണ്ടായിരുന്നത്. തുടർന്നുവന്ന സിൻഡിക്കറ്റിന്റെകൂടി ഇടപെടലിന്റെ ഭാഗമായി കേന്ദ്രങ്ങൾ പതിനെട്ടായി ഉയർന്നു. ഗവേഷകവിദ്യാർഥികളുടെ സംഭാവനകള്‍ വരുംവർഷങ്ങളിൽ കോളേജിന് നേട്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.