ഒറിഗോൺ> അവസാന 50 മീറ്ററിൽ വൻകുതിപ്പ് നടത്തിയ ഡൊമിനിക്കൻ റിപ്പബ്ലിക് അമേരിക്കയെ അട്ടിമറിച്ചു. ലോക അത്-ലറ്റിക്സ് ചാമ്പ്യൻഷിപ് 4 x 400 മിക്സ്ഡ് റിലേയിൽ മൂന്ന് മിനിറ്റ് 09.82 സെക്കൻഡിലായിരുന്നു ഡൊമിനിക്കയുടെ സ്വർണം. അമേരിക്ക മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ നെതർലൻഡ്സ് വെള്ളി നേടി.
ലോക ചാമ്പ്യൻഷിപ് ചരിത്രത്തിലെ മൂന്നാംസ്വർണമാണ് ഡൊമിനിക്കയ്ക്ക്. ലിഡിയോ ആന്ദ്രേസ് ഫെലിസ്, മറിലെയ്ഡി പൗളീന്യോ, അലെക്സാണ്ടർ ഒഗാണ്ടോ, ഫയോർഡലിസ കോഫിൽ എന്നിവരുൾപ്പെട്ട ടീമിനാണ് സ്വർണം.
അവസാന മീറ്റിന് ഇറങ്ങുന്ന അല്ലിസൺ ഫെലിക്സിന് സ്വർണത്തോടെ യാത്രയയപ്പ് നൽകാനിറങ്ങിയ അമേരിക്കൻ സംഘത്തിന് അവസാന ലാപ്പിലാണ് ഇടർച്ചവന്നത്.
ആദ്യലാപ്പിൽ എലിജ ഗോഡ്-വിൻ അമേരിക്കയ്ക്ക് വൻ ലീഡ് നൽകി. രണ്ടാംലാപ്പിൽ ഫെലിക്സാണ് ഓടിയത്. എന്നാൽ, ലാപ്പിന്റെ അവസാനഘട്ടത്തിൽ ലീഡ് കുറഞ്ഞു. മൂന്നാംലാപ്പിൽ വെൺനൺ നോർവുഡ് ലീഡ് നിലനിർത്തി.
അവസാന ലാപ്പിൽ കെന്നെഡി സെെമൺ ആദ്യ ഘട്ടത്തിൽ മുന്നിലായിരുന്നു. എന്നാൽ, അവസാന 50 മീറ്ററിൽ ഡൊമിനിക്കയുടെ കോഫിൽ നടത്തിയ കുതിപ്പ് സെെമണെ മറികടന്നു. പിന്നാലെ ഡച്ചിന്റെ ഫെംകെ ഡോളും. 3:09.90 സമയത്തിലായിരുന്നു ഡച്ചിന്റെ ഫിനിഷ്. അമേരിക്ക 3:10.16 സമയത്തിൽ പൂർത്തിയാക്കി.