ഒറിഗോൺ> ട്രാക്കിലെ അത്ഭുതങ്ങൾക്ക് വിട. ഇരുപതാണ്ടിന്റെ അവിശ്വസനീയ കുതിപ്പുകൾക്കുശേഷം അത്ലീറ്റ് അല്ലിസൺ ഫെലിക്സ് ട്രാക്ക് വിട്ടു. ലോക കായികചരിത്രത്തിലെ ഏറ്റവും ആവേശകരമായ അധ്യായത്തിനാണ് അവസാനം. 19 ലോക ചാമ്പ്യൻഷിപ് മെഡലുകൾ, 11 ഒളിമ്പിക്സ് മെഡലുകൾ. ഫെലിക്സ് കുറിച്ച ചരിത്രം എന്നും മായാതെനിൽക്കും. അടങ്ങാത്ത പോരാട്ടവീര്യത്തിന്റെ പേരുകൂടിയാണ് അല്ലിസൺ ഫെലിക്സ്.
ഒറിഗോണിലെ ലോക ചാമ്പ്യഷിപ് വേദിയിൽ വെങ്കലമെഡലുമായാണ് മടക്കം. 4 x 400 മീറ്റർ മെഡ്-ലെ റിലേയിലാണ് വെങ്കലം. സ്വർണവുമായി മടങ്ങാമെന്ന മോഹം പൂർത്തിയായില്ല. ഒരുഘട്ടത്തിൽ ഏറെ മുന്നിലുണ്ടായിരുന്ന അമേരിക്ക അവസാന ലാപ്പിൽ പിന്നിലാകുകയായിരുന്നു. ലോക ചാമ്പ്യൻഷിപ്പിൽ നേടിയ 19 മെഡലുകളിൽ പതിമൂന്നും സ്വർണമാണ്. അഞ്ച് ഇനങ്ങളിലാണ് മത്സരിച്ചത്. 100, 200, 400, 4×400 റിലേ, മിക്സഡ് റിലേ എന്നിവയിൽ ഇറങ്ങി. 2003ലെ പാരിസ് ലോക ചാമ്പ്യൻഷിപ്പിൽ എത്തുമ്പോൾ 17 വയസ്സായിരുന്നു. അന്ന് 200ൽ ആറാംസ്ഥാനവുമായി മടങ്ങി. അടുത്തവർഷം ഏതൻസ് ഒളിമ്പിക്സിൽ 200ൽ വെള്ളി നേടി കുതിപ്പ് തുടങ്ങി. 36–ാംവയസ്സ് പിന്നിടുമ്പോൾ ലോക അത്-ലറ്റിക്സിലെ ഇതിഹാസമായി മാറിക്കഴിഞ്ഞിരുന്നു.
പോരാട്ടങ്ങളുടെയും അതിജീവനത്തിന്റെയും അധ്യായങ്ങളുണ്ട് ജീവിതത്തിൽ. 2019ൽ ദോഹ മീറ്റിന് എത്തുമ്പോൾ അമ്മയായിരുന്നു അവർ. അമ്മയായതിനുശേഷം മത്സരിക്കുന്ന ആദ്യവനിത. ആ മീറ്റിൽ രണ്ടു റിലേ സ്വർണവുമായാണ് മടങ്ങിയത്. കഴിഞ്ഞവർഷത്തെ ടോക്യോ ഒളിമ്പിക്സിൽ 400ൽ വെങ്കലവും റിലേയിൽ സ്വർണവും സ്വന്തമാക്കി. 2018ലായിരുന്നു മകൾ കാംറിന്റെ ജനനം. ഗർഭാവസ്ഥയിൽ അവരുടെ ആരോഗ്യസ്ഥിതി ഗുരുതരമായിരുന്നു. അമ്മയ്ക്കും കുഞ്ഞിനും ജീവനുതന്നെ ഭീഷണി. മാസം തികയുംമുമ്പ് പ്രസവം. പോരാട്ടത്തിനൊടുവിൽ അലിക്സണും കാംറിനും ജീവിതം തിരിച്ചുപിടിച്ചു. ശേഷം കറുത്തവർഗക്കാരുടെ അവകാശങ്ങൾക്കുവേണ്ടി അവർ പ്രസംഗിച്ചു, പോരാടി. അമ്മയായി കഴിഞ്ഞാൽ സ്പോൺസർഷിപ് തുക കുറയ്ക്കുമെന്നു പറഞ്ഞ നെെക്ക് കമ്പനിക്കെതിരെ അവരെഴുതി. ട്രാക്കിലെ തുല്യതയെക്കുറിച്ച് ഉറക്കെ സംസാരിച്ചു. നെെക്ക് തീരുമാനം മാറ്റിയെങ്കിലും ഫെലിക്സ് അവരുമായി വേർപിരിഞ്ഞ് പുതിയ ഷൂ കമ്പനിക്ക് തുടക്കംകുറിക്കുകയായിരുന്നു.
‘ഇതൊരു അവിശ്വസനീയ യാത്രയായിരുന്നു. ഉയർച്ചതാഴ്ചകളുണ്ടായിട്ടുണ്ട്. ഞാൻ ഒരു വൃത്തം പൂർത്തിയാക്കിയിരിക്കുന്നു. വീട്ടിലേക്ക് മടങ്ങുന്നു’– ഫെലിക്സ് പറഞ്ഞു.
ഒറിഗോണിൽ മകൾ കാംറിനെ സാക്ഷിയാക്കിയാണ് ഫെലിക്സ് അത്-ലറ്റിക്സ് ജീവിതം പൂർത്തിയാക്കിയത്.