ഒറിഗോൺ> ഇന്നത്തെ പ്രഭാതം കണ്ണുതുറക്കുന്നത് ഒരു ലോക മെഡലിനാണ്. ഒറ്റച്ചാട്ടം മതി. പുരുഷന്മാരുടെ ലോങ്ജമ്പ് ഫൈനൽ രാവിലെ 6.50ന്. കേരളത്തിന്റെ അഭിമാനമായ എം ശ്രീശങ്കറാണ് ഇന്ത്യയുടെ മെഡൽപ്രതീക്ഷ. ലോക അത്ലറ്റിക്സിൽ പുരുഷന്മാരുടെ ലോങ്ജമ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ്.
യോഗ്യതാറൗണ്ടിൽ ചാടിയ ദൂരം എട്ടു മീറ്റർ. ഫൈനലിലെത്തിയ 12 പേരിൽ ഏഴാംസ്ഥാനത്താണ്. ഗ്രൂപ്പ് ബിയിൽ രണ്ടാമത്തെ ചാട്ടത്തിലാണ് ഈ ദൂരം താണ്ടിയത്. ആദ്യചാട്ടം 7.86 മീറ്ററായിരുന്നു. അവസാനശ്രമം ഫൗളായി. ഗ്രൂപ്പിൽ രണ്ടാംസ്ഥാനം. ഫൈനലിൽ എത്താനുള്ള യോഗ്യതാദൂരം 8.15 മീറ്ററായിരുന്നു. ജപ്പാന്റെ യൂകി ഹഷിയോകയും (8.18) അമേരിക്കയുടെ മാർക്വിസ് ഡെൻഡിയും (8.16) ഈ ദൂരം മറികടന്നു. ശ്രീശങ്കർ അടക്കം 10 പേർ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഫൈനലിലെത്തി. രണ്ടു ഗ്രൂപ്പിലായി 29 പേരാണ് മത്സരിച്ചത്. ആദ്യ ഏഴ് ലോകറാങ്കുകാരും കലാശപ്പോരാട്ടത്തിന് അർഹത നേടി. ശ്രീശങ്കറിന്റെ റാങ്ക് പതിമൂന്നാണ്.
ടോക്യോ ഒളിമ്പിക്സിലെ നിരാശ മായ്ക്കുന്നതാണ് ഇരുപത്തിമൂന്നുകാരനായ ശ്രീശങ്കറിന്റെ പ്രകടനം. അവിടെ 7.69 മീറ്ററുമായി 25–-ാംസ്ഥാനത്തായിരുന്നു. ഏപ്രിലിൽ കലിക്കറ്റ് സർവകലാശാലാ സ്റ്റേഡിയത്തിൽ നടന്ന ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിൽ 8.36 മീറ്റർ ചാടി ദേശീയ റെക്കോഡ് പുതുക്കിയാണ് തിരിച്ചുവന്നത്. ഈ വർഷം ഗ്രീസിൽ നടന്ന മീറ്റിൽ 8.31 മീറ്ററും ഇന്റർ സ്റ്റേറ്റ് മീറ്റിൽ 8.23 മീറ്ററും കുറിച്ചു. ഈ പ്രകടനങ്ങൾ ആവർത്തിച്ചാൽ മെഡൽ ഉറപ്പാണ്. കഴിഞ്ഞതവണ ദോഹ ലോകമീറ്റിൽ 7.62 മീറ്ററാണ് ചാടിയത്. ഫൈനലിലെത്താതെ 22–-ാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അച്ഛനും മുൻ ട്രിപ്പിൾജമ്പ് താരവുമായ എസ് മുരളിയാണ് പരിശീലകൻ. പാലക്കാട് യാക്കര സ്വദേശിയാണ്. മലയാളിയായ വൈ മുഹമ്മദ് അനീസും തമിഴ്നാട്ടുകാരനായ ജെസ്വിൻ ആൽഡ്രിനും നിരാശപ്പെടുത്തി. ജെസ്വിൻ 7.79 മീറ്റർ ചാടി 20–-ാമതായി. അനീസ് 7.73 മീറ്ററിൽ 23–-ാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.