ദുബായ് > യു എ ഇ യിൽ ചൂട് കനത്തതോടെ പൊതുജനങ്ങൾക്ക് ജാഗ്രത നിർദ്ദേശവുമായി അധികൃതർ രംഗത്തെത്തി. അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ സുരക്ഷ ഉറപ്പാക്കും വിധം വാഹനങ്ങൾ പരിപാലിക്കുകയും പൊട്ടിത്തെറിക്കാനും തീ പിടിക്കാനും സാധ്യതയുള്ള വസ്തുക്കൾ വാഹനങ്ങളിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.
പെർഫ്യൂം, ഗ്യാസ് ബോട്ടിലുകൾ, സിഗരറ്റ് ലൈറ്ററുകൾ, ബാറ്ററികൾ, കംപ്രസ്ഡ് ബോട്ടിലുകൾ, സാനിറ്റൈസറുകൾ എന്നിങ്ങനെയുള്ള വസ്തുക്കൾ വാഹനങ്ങളിൽ സൂക്ഷിക്കരുത് എന്നാണ് അധികൃതർ നിർദ്ദേശിച്ചിരിക്കുന്നത്. ഗുണനിലവാരം ഇല്ലാത്ത ടയറുകൾ ഉപയോഗിക്കുന്നതുമൂലം ടയർ പൊട്ടിത്തെറിച്ച് ഉണ്ടാകാനിടയുള്ള അപകടങ്ങളെക്കുറിച്ച് ഡ്രൈവർമാർക്ക് ബോധവൽക്കരണ ക്യാമ്പയിൻ നടത്തുന്നതിനും അധികാരികൾ തുടക്കമിട്ടിട്ടുണ്ട്.