തിരുവനന്തപുരം
സർവകലാശാലകൾക്ക് പ്രവർത്തനപരിധിയില്ലാതെ രാജ്യത്തും വിദേശത്തും പഠനകേന്ദ്രങ്ങൾ അനുവദിക്കാൻ അധികാരം നൽകണമെന്ന് സർവകലാശാലാ നിയമപരിഷ്കരണ കമീഷൻ റിപ്പോർട്ടിൽ ശുപാർശ. കമീഷൻ ചെയർമാൻ പ്രൊഫ. എൻ കെ ജയകുമാർ റിപ്പോർട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന് കൈമാറി. റിപ്പോർട്ടിൽ വേഗത്തിൽ തുടർനടപടി കൈക്കൊള്ളുമെന്ന് മന്ത്രി പറഞ്ഞു.
സർവകലാശാലകൾ ചാൻസലറുടെ അംഗീകാരത്തിന് നൽകുന്ന ചട്ടങ്ങളിൽ 60 ദിവസത്തിനകം തുടർനടപടി ഉണ്ടാകുന്നില്ലെങ്കിൽ ആ ചട്ടങ്ങൾ അംഗീകരിച്ചതായി കണക്കാക്കണം. ചാൻസലർ പുനഃപരിശോധന ആവശ്യപ്പെട്ടാൽ സെനറ്റ് പരിശോധിച്ച് ഭേദഗതി ആവശ്യമെങ്കിൽ അംഗീകരിച്ചാൽ മതി. പിന്നീട് വീണ്ടും ചാൻസലറുടെ അനുമതി വേണ്ട. സർവകലാശാലാ നിയമവും ചട്ടങ്ങളും റദ്ദാക്കാനുള്ള ചാൻസലറുടെ അധികാരം റദ്ദാക്കണം. ഈ അധികാരം സുപ്രീംകോടതി/ഹൈക്കോടതി സിറ്റിങ് ജഡ്ജി ചെയർമാനായ സർവകലാശാലാ ട്രിബ്യൂണൽ രൂപീകരിച്ച് കൈമാറണം. ഓർഡിനൻസിന് ചാൻസലറുടെ അനുമതി വേണ്ടെന്ന കുസാറ്റിലെ ചട്ടങ്ങൾ മറ്റ് സർവകലാശാലാ നിയമങ്ങളിലും ബാധകമാക്കണം.
വൈസ് ചാൻസലറുടെ പ്രായപരിധി 60ൽനിന്ന് 65 ആയും പ്രൊ വിസിയുടേത് അറുപതായും മാറ്റണം. വിസി, പിവിസി സ്ഥാനത്ത് ഒഴിവുവന്നാൽ താൽക്കാലികമായി മൂന്ന് സീനിയർ പ്രൊഫസർമാരുടെ പാനലിൽനിന്ന് ഒരാളെ വിസിയായി സിൻഡിക്കറ്റിന് നിയമിക്കാം. സിൻഡിക്കറ്റിന്റെയും സെനറ്റിന്റെയും പ്രാതിനിധ്യ സ്വഭാവം മാറ്റാതെ അംഗസംഖ്യ കുറയ്ക്കണമെന്നും നിർദേശമുണ്ട്.
മറ്റു പ്രധാന ശുപാർശകൾ
● വിദ്യാർഥികളുടെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കാൻ പുതിയ വകുപ്പ് വേണം
● എല്ലാ സർവകലാശാലാ നിയമങ്ങളിലും ഗവേഷണ കൗൺസിൽ വേണം
● പ്രൈവറ്റ്, അൺഎയ്ഡഡ് കോളേജ് മേഖലകളിലെ പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരത്തിന് നിയമം പരിഷ്കരിക്കണം
● നാക്, സാക് അക്രെഡിറ്റേഷൻ സ്ഥാപനങ്ങൾക്ക് ദീർഘകാല അഫിലിയേഷൻ നൽകണം.
●അക്രെഡിറ്റേഷനിൽ എ പ്ലസ് ലഭിക്കുന്ന സ്വാശ്രയ കോളേജുകൾക്ക് സ്വയംഭരണപദവി സർക്കാരിന് തീരുമാനിക്കാം
● അൺ എയ്ഡഡ് കോളേജുകളിലെ ഫീസ് നിശ്ചയിക്കാൻ സർവകലാശാലാ ട്രിബ്യൂണൽ ചെയർമാൻ, വിസി, ഉന്നതവിദ്യാഭ്യാസ സെക്രട്ടറി എന്നിവർ അംഗമായി സമിതി വേണം
●ഒരു സർവകലാശാലയുടെ കോഴ്സ് മറ്റ് സർവകലാശാലകൾ അംഗീകരിക്കണം
●പ്രൊഫഷണൽ, സാങ്കേതിക വിദ്യാഭ്യാസത്തിലും മലയാളം പഠനമാധ്യമമാക്കണം