കൊച്ചി
തൊഴിൽനിയമങ്ങൾ തകർത്ത് തൊഴിലാളികളുടെ വിലപേശൽശക്തി ഇല്ലാതാക്കി രാജ്യത്ത് സാമ്പത്തിക അസമത്വം രൂക്ഷമാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുവെന്ന് സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻപിള്ള പറഞ്ഞു. “ചരിത്രം അറിയുക, സ്വാതന്ത്ര്യത്തിന്റെ കാവലാളാവുക’ എന്ന മുദ്രാവാക്യം ഉയർത്തി എഫ്എസ്ഇടിഒ സംഘടിപ്പിച്ച മധ്യമേഖലാ സെമിനാർ കലൂർ എജെ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘ഇന്ത്യൻ സ്വാതന്ത്ര്യസമരവും തൊഴിലാളിവർഗത്തിന്റെ പങ്കും’ എന്ന വിഷയത്തിൽ സുനിൽ പി ഇളയിടം പ്രഭാഷണം നടത്തി.
കെഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് ഡി സുധീഷ് അധ്യക്ഷനായി. എഫ്എസ്ഇടിഒ ജനറൽ സെക്രട്ടറി എം എ അജിത് കുമാർ, കെജിഒഎ സംസ്ഥാന സെക്രട്ടറി ഡോ. സലിൽ ഉണ്ണിക്കൃഷ്ണൻ, എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ, എകെജിസിടി സംസ്ഥാന വൈസ് പ്രസിഡന്റ് സന്തോഷ് ടി വർഗീസ്, കെജിഎൻഎ സംസ്ഥാന ട്രഷറർ എൻ ബി സുധീഷ് കുമാർ എന്നിവർ സംസാരിച്ചു.