തിരുവനന്തപുരം
മുഴുവൻ തൊഴിലന്വേഷകർക്കും യോജിച്ച തൊഴിൽ നൽകാൻ എല്ലാ തദ്ദേശസ്ഥാപന പരിധിയിലും തൊഴിൽ സഭകൾ വരുന്നു. ഗ്രാമസഭകളുടെ മാതൃകയിൽ അതത് തദ്ദേശസ്ഥാപനത്തിലെ തൊഴിലന്വേഷകരുടെ സഭ രൂപീകരിച്ച് വിവിധ വകുപ്പുകളിലെ അവസരം അതത് പ്രദേശങ്ങളിലുള്ളവർക്ക് ഉറപ്പാക്കാനാണ് തൊഴിൽ സഭ രൂപീകരിക്കുന്നത്.
കുടുംബശ്രീ സർവേയിൽ കണ്ടെത്തിയ 53 ലക്ഷം തൊഴിലന്വേഷകരെയും തൊഴിൽ സഭകളിൽ അംഗമാക്കും. പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ തലങ്ങളിൽ തൊഴിലന്വേഷകരുടെ എണ്ണത്തിനനുസരിച്ച് സഭ രൂപീകരിക്കും. ഒരു സഭയിൽ പരമാവധി 200 അംഗങ്ങൾ.
ആദ്യ തൊഴിൽ സഭ ആഗസ്തിൽ ചേരും. സംസ്ഥാനതലത്തിൽ മഹാതൊഴിൽ സഭ സംഘടിപ്പിക്കും. തുടർന്ന് നിശ്ചിത ഇടവേളകളിൽ തൊഴിൽ സഭ ചേർന്ന് തൊഴിൽ ലഭ്യത, സാധ്യത പരിശോധിക്കും. അംഗങ്ങളുടെ യോഗ്യത, അനുഭവം, സന്നദ്ധത ചർച്ചചെയ്ത് പ്രാദേശികമായി സമഗ്ര തൊഴിൽ പദ്ധതി തയ്യാറാക്കും. അതത് പ്രദേശങ്ങളിലെ സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തുള്ള തൊഴിലന്വേഷകരെയും സഭകളിൽ അംഗമാക്കും.
സ്ത്രീകൾക്ക് പ്രത്യേകം പരിഗണന
തൊഴിൽ സഭകളിൽ സ്ത്രീകൾക്ക് തൊഴിൽ കണ്ടെത്താൻ പ്രത്യേക പരിഗണന നൽകും. വിവാഹത്തെ തുടർന്ന് തൊഴിൽ പോയവർ, വിധവകൾ, പിരിഞ്ഞു താമസിക്കുന്നവർ തുടങ്ങിയവർക്ക് പ്രഥമപരിഗണന നൽകും. ട്രാൻസ്ജെൻഡർ, അംഗപരിമിതർ, ആദിവാസികൾ തുടങ്ങിയവർക്ക് തൊഴിൽ ഉറപ്പാക്കും. 20 ലക്ഷം തൊഴിൽ, ഒരു ലക്ഷം സംരംഭം തുടങ്ങി സർക്കാർ പ്രഖ്യാപിച്ച മുഴുവൻ തൊഴിലവസരങ്ങളും തൊഴിൽ സഭയുടെ ഭാഗമാക്കും.