തിരുവനന്തപുരം
വാനരവസൂരി സ്ഥിരീകരിച്ചയാളുടെ അടുത്ത സമ്പർക്കപ്പട്ടികയിലുള്ളത് അഞ്ച് ജില്ലകളിൽപെട്ടവർ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം സ്വദേശികളാണ് വിമാനത്തിൽ രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തിയത്. ഈ ജില്ലകളിൽ ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാ നിർദേശം നൽകി. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി.
സമ്പർക്കമുള്ളവരെ രാവിലെയും വൈകിട്ടും ആരോഗ്യപ്രവർത്തകർ വിളിക്കുന്നുണ്ട്. പനിയോ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ കോവിഡ്, വാനര വസൂരി പരിശോധന ഉൾപ്പെടെ നടത്തും. എല്ലാ ജില്ലയിലും ഐസൊലേഷൻ വാർഡും മെഡിക്കൽ കോളേജിൽ പ്രത്യേക സൗകര്യവുമൊരുക്കും. ആരോഗ്യപ്രവർത്തകർക്ക് വിദഗ്ധ പരിശീലനം നൽകും. പ്രതിരോധ പ്രവർത്തനം ശക്തമാക്കിയെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.
വിമാനത്താവളങ്ങളും ജാഗ്രത പാലിക്കണം. സംസ്ഥാനതലത്തിൽ നിരീക്ഷണ സെൽ രൂപീകരിക്കും. എല്ലാ ജില്ലയ്ക്കും മാർഗനിർദേശം നൽകാനും ഉന്നതതലയോഗം തീരുമാനിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്.
സമ്പർക്കമുള്ള പത്തനംതിട്ട സ്വദേശികളായ 16 പേരും കോട്ടയത്തെ രണ്ടുപേരും നിരീക്ഷണത്തിലാണ്. ഇവർക്ക് പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഇല്ല.