ന്യൂഡൽഹി
വിനോദസഞ്ചാരികൾ നിർബന്ധമായും പോയിരിക്കേണ്ട ലോകത്തിലെ 50 മികച്ച സ്ഥലത്തിലൊന്നായി ടൈം മാഗസിൻ കേരളത്തെ തെരഞ്ഞെടുത്തത് മോദി സർക്കാരിന്റെ ‘നേട്ട’മായി അവതരിപ്പിക്കാൻ ബിജെപി നീക്കം. ടൂറിസം പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് കേരളം ടൈം മാഗസിൻ പട്ടികയിൽ ഉൾപ്പെട്ടതെന്ന് ബിജെപി അധ്യക്ഷൻ ജെ പി നദ്ദ ട്വീറ്റുചെയ്തു. എന്നാൽ, സൊമാലിയയോട് ഉപമിച്ചതടക്കം മോദി നടത്തിയ കേരളവിരുദ്ധ പരാമർശങ്ങളും കേന്ദ്ര സർക്കാരിന്റെ ശത്രുതാ നിലപാടും നിരത്തി സമൂഹമാധ്യമങ്ങൾ മിനിറ്റുകൾക്കകം നദ്ദയുടെ അവകാശവാദം പൊളിച്ചു. കാർത്തി ചിദംബരം, എൻ എസ് മാധവൻ തുടങ്ങിയ പ്രമുഖരും നദ്ദയുടെ ട്വീറ്റിനെ പരിഹസിച്ചു.
ഇന്ത്യയിലെ ഏറ്റവും ഭംഗിയേറിയ സംസ്ഥാനമെന്ന വിശേഷണമാണ് ടൈം മാഗസിൻ കേരളത്തിനു നൽകിയത്. എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന കാരവൻ ടൂറിസവും പ്രത്യേകം പരാമർശിക്കുന്നുണ്ട്. കേരളാ ടൂറിസം പരസ്യത്തിൽ ബീഫ് വിഭവം ഉൾപ്പെട്ടുവെന്ന പേരിൽ സംഘപരിവാറും ബിജെപിയും നടത്തിയ സൈബർ ആക്രമണത്തെയും നദ്ദയുടെ ട്വീറ്റിനോട് പ്രതികരിച്ചവർ ഓർമപ്പെടുത്തി. ‘ഡിവൈഡർ ഇൻ ചീഫ്’ എന്ന അടിക്കുറിപ്പോടെ മോദിയുടെ കവർചിത്രം ടൈം പ്രസിദ്ധീകരിച്ചതും പലരും പങ്കുവച്ചു.