ലോർഡ്സ്
ആറ് വിക്കറ്റെടുത്ത ഇംഗ്ലീഷ് പേസർ റീസ് ടോപ്ലി ഇന്ത്യയെ തകർത്തു. രണ്ടാംഏകദിനത്തിൽ 100 റൺ ജയത്തോടെ ഇംഗ്ലണ്ട് പരമ്പരയിൽ തിരിച്ചെത്തി (1–-1). ഇംഗ്ലണ്ട് ഉയർത്തിയ 247 റണ്ണിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 146 റണ്ണിൽ ഒതുങ്ങി.
സ്കോർ: ഇംഗ്ലണ്ട് 246 (49), ഇന്ത്യ 146 (38.5)
ആറടി ഏഴിഞ്ച് ഉയരമുള്ള ഇടംകൈയൻ പേസറുടെ പന്തുകൾക്കുമുന്നിൽ ഇന്ത്യൻ ബാറ്റർമാർക്ക് മറുപടിയില്ലായിരുന്നു. ഇരുപത്തെട്ടുകാരനായ ബൗളർ 9.5 ഓവറിൽ 24 റൺ വിട്ടുകൊടുത്താണ് ലോർഡ്സിൽ അതുല്യനേട്ടം കൈവരിച്ചത്. രോഹിത് ശർമ, ശിഖർ ധവാൻ, സൂര്യകുമാർ യാദവ്, മുഹമ്മദ് ഷമി, യുശ്–വേന്ദ്ര ചഹാൽ, പ്രസിദ്ധ് കൃഷ്ണ എന്നിവരുടെ വിക്കറ്റുകളാണ് ടോപ്–ലി നേടിയത്.
ആത്മവിശ്വാസം ഒട്ടുമില്ലാതെയായിരുന്നു ഇന്ത്യൻ ബാറ്റിങ്. ഓവർ പകുതി ആയപ്പോഴേക്കും പകുതി വിക്കറ്റുകൾ കൊഴിഞ്ഞു. ക്യാപ്റ്റൻ രോഹിത് റണ്ണെടുക്കാതെ മടങ്ങിയത് വരാനിരുന്ന ദുരന്തത്തിന്റെ സൂചനയായിരുന്നു. ധവാൻ 26 പന്തിൽ നേടിയത് ഒമ്പത് റൺ. വിരാട് കോഹ്ലിക്ക് 25 പന്തിൽ കിട്ടിയത് 16 റൺ. ഋഷഭ് പന്തിന് റണ്ണെടുക്കാനായില്ല. സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും, സൂര്യകുമാർ യാദവ് 29 പന്തിൽ 27 റണ്ണുമായി കീഴടങ്ങി.
ഹാർദിക് പാണ്ഡ്യയാണ് സ്കോർ നൂറ് കടത്തിയത്. പക്ഷേ, അധികം ആയുസ്സുണ്ടായില്ല. 44 പന്തിൽ 29 റൺ. രവീന്ദ്ര ജഡേജയും ഇതേ സ്കോറിന് മടങ്ങിയതോടെ പതനം പൂർത്തിയായി. മുഹമ്മദ് ഷമി 23 റൺ നേടി. ചഹാൽ മൂന്ന് റണ്ണെടുത്തപ്പോൾ പ്രസിദ്ധ് റണ്ണില്ലാതെ മടങ്ങി. രണ്ട് റണ്ണുമായി ബുമ്ര ബാക്കിയായി.
നാല് വിക്കറ്റെടുത്ത സ്പിന്നർ ചഹാലാണ്, ആദ്യം ബാറ്റുചെയ്ത ഇംഗ്ലീഷുകാരെ തടഞ്ഞത്. ജോണി ബെയർസ്റ്റോ (38 പന്തിൽ 38), ജോ റൂട്ട് (21 പന്തിൽ 11), ബെൻ സ്റ്റോക്സ് (23 പന്തിൽ 21), മൊയീൻ അലി (64 പന്തിൽ 47) എന്നിവരെ ചഹാൽ മടക്കി. ഹാർദിക് പാണ്ഡ്യയും ബുമ്രയും രണ്ടും ഷമി, പ്രസിദ്ധ് കൃഷ്ണ എന്നിവർ ഓരോ വിക്കറ്റും നേടി.
നാലിന് -87 എന്നനിലയിൽ തകർന്ന ഇംഗ്ലണ്ടിനെ ലിയാം ലിവിങ്സ്റ്റണും (33) മൊയീനും ചേർന്ന് ഉയർത്തി. ഇന്ത്യയുടെ മോശം ഫീൽഡിങ്ങും അനുഗ്രഹമായി. എട്ടാമനായെത്തിയ ഡേവിഡ് വില്ലി 49 പന്തിൽ 41 റണ്ണടിച്ച് സ്കോർ 200 കടത്തി. ആദ്യ കളിയിൽ ഇന്ത്യ പത്ത് വിക്കറ്റിന് ജയിച്ചിരുന്നു. നിർണായകമായ അവസാനമത്സരം ഞായറാഴ്ച.