മുംബൈ
വെസ്റ്റിൻഡീസിനെതിരായ അഞ്ചു മത്സര ട്വന്റി–-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ ഉൾപ്പെടുത്തിയില്ല. വിശ്രമമെന്നാണ് വിശദീകരണം. യുശ്വേന്ദ്ര ചഹാലിനും ജസ്പ്രീത് ബുമ്രയ്ക്കും ഒപ്പം കോഹ്ലിക്കും വിശ്രമം അനുവദിച്ചതായി ബിസിസിഐ വിശദീകരിച്ചു. ഇതോടെ ഒക്ടോബറിൽ നടക്കുന്ന ട്വന്റി–-20 ലോകകപ്പിന് കോഹ്ലി ടീമിലുണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി. ലോകകപ്പിനുമുന്നേയുള്ള ഇന്ത്യയുടെ അവസാന പരമ്പരയാണിത്.
അയർലൻഡിനെതിരെയും ഇംഗ്ലണ്ടിനെതിരെയും ടീമിലുണ്ടായിരുന്ന സഞ്ജു സാംസണും പുറത്തായി. ഏകദിന ടീമിൽ സഞ്ജുവുണ്ട്. ജൂലൈ 29 മുതൽ ആഗസ്ത് ഏഴുവരെയാണ് ട്വന്റി–-20 മത്സരങ്ങൾ. പരിക്കിലായിരുന്ന ലോകേഷ് രാഹുലിനെയും കുൽദീപ് യാദവിനെയും 18 അംഗ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരുവരും കായികക്ഷമത തെളിയിക്കണം.
ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ഇഷാൻ കിഷൻ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യർ, ദിനേശ് കാർത്തിക്, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ആർ അശ്വിൻ, രവി ബിഷ്ണോയ്, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, ആവേശ് ഖാൻ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിങ്.