ഒറിഗോൺ
കാത്തിരിപ്പിനൊടുവിൽ ലോക അത്-ലറ്റിക്സിൽ വീണ്ടും ട്രാക്ക് ഉണരുന്നു. കോവിഡ് കാരണം മാറ്റിവച്ച ലോക അത്-ലറ്റിക് ചാമ്പ്യൻഷിപ്പിന് അമേരിക്കയിലെ ഒറിഗോണിൽ ഇന്ന് തുടക്കമാകും. 10 ദിവസത്തെ മീറ്റിൽ ലോക താരങ്ങളെല്ലാം അണിനിരക്കുന്നുണ്ട്. 49 ഇനങ്ങളിൽ മെഡൽ ജേതാക്കളെ നിർണയിക്കും. അമേരിക്കയാണ് നിലവിലെ ചാമ്പ്യൻമാർ. ജമെെക്ക, കെനിയ, ചെെന രാജ്യങ്ങളും കരുത്തോടെ രംഗത്തുണ്ട്. 22 അംഗ ടീമുമായി ഇറങ്ങുന്ന ഇന്ത്യക്ക് നീരജ് ചോപ്രയിലാണ് പ്രതീക്ഷകൾ. ആദ്യദിനം മൂന്ന് ഫെെനലാണ്. പുരുഷന്മാരുടെ ഹാമർ ത്രോ യോഗ്യതാ മത്സരത്തോടെയാണ് മീറ്റിന് തുടക്കം. ഇന്ത്യൻസമയം രാത്രി 9.30നാണ് മീറ്റ് ആരംഭിക്കുക.192 രാജ്യങ്ങളിൽനിന്നായി 1972 അത്-ലീറ്റുകളാണ് ഇറങ്ങുന്നത്.
ട്രാക്കിലും ഫീൽഡിലും കരുത്തുറ്റ താരങ്ങളുള്ള അമേരിക്കതന്നെയാണ് ഇക്കുറിയും വമ്പുകാട്ടുക. 177 അത്ലീറ്റുകളാണ് അമേരിക്കയ്ക്ക്. പുരുഷന്മാരുടെ 100 മീറ്ററിൽ ട്രയ്-വൺ ബ്രൊമ്മെൽ, ഫ്രെഡ് കെർലെ, ക്രിസ്റ്റ്യൻ കോൾമാൻ എന്നീ കരുത്തൻമാരുണ്ട്. വനിതകളിൽ നിയ അലി (100 മീറ്റർ ഹർഡിൽസ്), സിഡ്നി മക്-ലോഹ്-ലിൻ, ദലീല മുഹമ്മദ് (400 മീറ്റർ ഹർഡിൽസ്) എന്നിവരും മെഡൽ കൊയ്ത്തിനായി ഇറങ്ങുന്നു. റിലേയിൽ വിഖ്യാത താരം അല്ലിസൺ ഫെലിക്സുമുണ്ട്. വനിതകളുടെ സ്പ്രിന്റ് ഇനങ്ങളിലാണ് ജമെെക്കയുടെ പ്രതീക്ഷ. ഷെല്ലി ആൻഫ്രേസർ പ്രൈസി, ഇലെയ്ൻ തോംപ്സൺ ഹൊ, ഷെറീക്ക ജോൺസൺ എന്നിവരാണ് രംഗത്ത്.
പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിലെ ലോക റെക്കോഡുകാരൻ കാസ്റ്റൺ വാർഹോം ആണ് ഈ മേളയുടെ മറ്റൊരു ആകർഷണം. ഈ സീസണിൽ ഇതുവരെ വാർഹോം ഇറങ്ങിയിട്ടില്ല. ടോക്യോ ഒളിമ്പിക്സ് ചാമ്പ്യനാണ് ഈ നോർവെക്കാരൻ. മേളയുടെ പ്രധാന ഇനമായ 100 മീറ്റർ 17നാണ് നടക്കുക. ഇന്ത്യൻസമയം രാവിലെ 8.20നാണ് ഫെെ-നൽ. വനിതകളുടെ ഫെെനൽ 18നും നടക്കും.