ഒറിഗോൺ
ഒളിമ്പിക്സിനുപിന്നാലെ ലോക ചാമ്പ്യൻഷിപ്പിലും പൊന്നണിയാനുള്ള ഒരുക്കത്തിലാണ് നീരജ് ചോപ്ര. ഇന്ത്യയുടെ 20 അംഗ സംഘത്തിൽ ഉറച്ച മെഡൽപ്രതീക്ഷയുള്ളത് ജാവലിൻ ത്രോയിലാണ്. യോഗ്യതാമത്സരം ഇരുപത്തൊന്നിനാണ്. 23ന് ഫൈനൽ. അഞ്ജു ബോബി ജോർജുമാത്രമാണ് ലോകമീറ്റിൽ മെഡൽ നേടിയിട്ടുള്ളത്. 2003ൽ പാരിസിൽ നടന്ന മീറ്റിൽ ലോങ്ജമ്പിൽ വെങ്കലമായിരുന്നു. ഒളിമ്പിക്സിനുശേഷം വിശ്രമത്തിലായിരുന്ന നീരജ് ചോപ്ര കഴിഞ്ഞമാസം 17 ദിവസത്തിനിടെ ഇറങ്ങിയ മൂന്നു മീറ്റിലും മെഡൽ നേടി. രണ്ടുതവണ ദേശീയ റെക്കോഡ് തിരുത്തി. ഒരു സ്വർണവും രണ്ട് വെള്ളിയുമാണ് സമ്പാദ്യം. സ്വീഡനിലെ സ്റ്റോക്ക് ഹോമിൽ നടന്ന ഡയമണ്ട്ലീഗിൽ 89.94 മീറ്റർ എറിഞ്ഞ് പുതിയ ദേശീയദൂരം കണ്ടെത്തി. നേട്ടം വെള്ളിമെഡൽ. സ്വപ്നദൂരമായ 90 മീറ്ററിന് ആറ് സെന്റിമീറ്റർ കുറവ്.
ഒളിമ്പിക്സിനുശേഷം മത്സരിച്ച പാവോനൂർമി ഗെയിംസിൽ 89.30 മീറ്ററിൽ വെള്ളിയാണെങ്കിലും ദേശീയ റെക്കോഡായിരുന്നു. തുടർന്ന് കുർടേൻ ഗെയിംസിൽ സ്വർണം (86.90). ടോക്യോ ഒളിമ്പിക്സിൽ 87.58 മീറ്റർ എറിഞ്ഞാണ് സ്വർണം നേടിയത്. പ്രമുഖ താരങ്ങളെല്ലാം ലോകമീറ്റിനുണ്ട്. ഗ്രെനഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സ് (93.07 മീറ്റർ), ഒളിമ്പിക്സിൽ വെള്ളി നേടിയ ചെക്ക് താരം ജാകുബ് വാഡിൽജ് (90.88), ഫിൻലൻഡുകാരൻ ഒളിവർ ഹിലാൻഡർ (89.83), ജർമനിയുടെ ജൂലിയൻ വെബ്ബർ (84.91), ട്രിനിഡാഡിന്റെ കെഷൊൻ വാലകോട്ട് (88.70) എന്നിവർ വെല്ലുവിളി ഉയർത്തുന്നവരാണ്. 2017ലെ ലോക ചാമ്പ്യൻ ജർമനിയുടെ ജൊഹാന്നസ് വെട്ടർ പരിക്കുമൂലം പിന്മാറി.
ആറു ചാട്ടക്കാർ
ഇന്ത്യയുടെ 20 അംഗ ടീമിൽ ആറു ചാട്ടക്കാരുണ്ട്. അതിൽ നാലു മലയാളികളാണ്. പുരുഷന്മാരുടെ ലോങ്ജമ്പിൽ എം ശ്രീശങ്കർ, വൈ മുഹമ്മദ് അനീസ്, ജെസ്വിൻ ആൽഡ്രിൻ എന്നിവരാണ്. ട്രിപ്പിൾജമ്പിൽ അബ്ദുള്ള അബൂബക്കർ, പ്രവീൺ ചിത്രവേൽ, എൽദോസ് പോൾ എന്നിവർ ഉൾപ്പെടുന്നു.
ലോങ്ജമ്പിൽ പങ്കെടുക്കുന്ന 32 പേരിൽ 20 പേർക്കും അവസാന മീറ്റിൽ എട്ടു മീറ്റർ താണ്ടാനായിട്ടില്ല. ഒളിമ്പിക്സിലെ മോശം പ്രകടനത്തിനുശേഷം ഈ സീസണിൽ തിരിച്ചുവരവിനൊരുങ്ങുകയാണ് ശ്രീശങ്കർ. സ്വന്തം പേരിലുള്ള ദേശീയ റെക്കോഡ് 8.36 മീറ്ററാണ്. ഈ പ്രകടനം ആവർത്തിക്കാനാണ് ശ്രമം. ലോക ചാമ്പ്യൻഷിപ്പിൽ മികച്ചൊരു ചാട്ടമാണ് ലക്ഷ്യമെന്ന് ശ്രീശങ്കർ പറഞ്ഞു. ലോങ്ജമ്പ് യോഗ്യതാമത്സരം നാളെ രാവിലെ ആറരയ്ക്കാണ്. ഫൈനൽ ഞായറാഴ്ച രാവിലെ 6.55ന്.
അവിനാഷ് സാബ്ലേ പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ ഇറങ്ങും. രജീന്ദർപാൽ സിങ് ടൂർ ഷോട്ട്പുട്ടിൽ മത്സരിക്കും. നീരജിനൊപ്പം ജാവലിൻ എറിയാൻ രോഹിത് യാദവുണ്ട്. 20 കിലോ മീറ്റർ നടത്തത്തിൽ സന്ദീപ് കുമാറുണ്ട്. 4×400 മീറ്റർ റിലേ ടീമിൽ അഞ്ചു പേരുണ്ട്. മലയാളികളായ നോഹ നിർമൽ ടോം, മുഹമ്മദ് അജ്മൽ, മുഹമ്മദ് അനസ് എന്നിവർക്ക് പുറമേ നാഗനാഥൻ പാണ്ടിയും രാജേഷ് രമേഷും ഉൾപ്പെടുന്നു. വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ പരുൾ ചൗധരി ട്രാക്കിലിറങ്ങും. ജാവലിൻ എറിയാൻ അന്നു റാണിയുണ്ട്. നടത്തത്തിൽ പ്രിയങ്ക ഗോസ്വാമി അണിനിരക്കും.
എട്ടു മലയാളികൾ
ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ എട്ടു മലയാളികൾ. വനിതകൾ ആരുമില്ല. ലോങ്ജമ്പിൽ എം ശ്രീശങ്കറും വൈ മുഹമ്മദ് അനീസും. ട്രിപ്പിൾജമ്പിൽ എൽദോസ് പോളും അബ്ദുള്ള അബൂബക്കറും മത്സരിക്കും. എം പി ജാബിർ 400 മീറ്റർ ഹർഡിൽസിൽ ട്രാക്കിലിറങ്ങും.
റിലേ ടീമിൽ നോഹ നിർമൽ ടോം, വൈ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ എന്നിവരുണ്ട്. മുഖ്യ കോച്ച് പി രാധാകൃഷ്ണൻനായർ, സഹ കോച്ച് എം കെ രാജ്മോഹൻ, ശ്രീശങ്കറിന്റെ അച്ഛനും കോച്ചുമായ എസ് മുരളിയും ഇന്ത്യൻ സംഘത്തിലുണ്ട്.