പാലാ
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ അന്തർദേശീയ വനിതാ കായികതാരത്തെ അസഭ്യം വിളിച്ച് അപമാനിച്ച സംഭവത്തിൽ സ്റ്റേഡിയം മാനേജിങ് കമ്മിറ്റി അംഗവും സുഹൃത്തും അറസ്റ്റിൽ. സ്റ്റേഡിയം മനേജിങ് കമ്മിറ്റി അംഗം ചെത്തിമറ്റം കണ്ടത്തിൽ സജീവ്(51), സുഹൃത്ത് വേട്ടത്തോട്ടത്തിൽ പ്രകാശ് (49) എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റു ചെയ്തത്.
ഏഷ്യൻ ഗെയിംസ് ലോങ്ജമ്പ് മെഡൽ ജേതാവ് നീന പിന്റോ, ഭർത്താവും ദേശീയ ഹർഡിൽസ് താരവുമായ പിഴക് അമ്പലത്തിങ്കൽ പിന്റോ മാത്യു എന്നിവരെ അപമാനിച്ച സംഭവത്തിലാണ് അറസ്റ്റ്. കോട്ടയത്ത് റെയിൽവേ ടിടിമാരായ ഇരുവരും തിങ്കൾ വൈകിട്ട് 6.30ന് പാലാ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്നതിനിടെയാണ് സംഭവം. പരിശീലന ട്രാക്കിൽ ക്രമവിരുദ്ധമായി സായാഹ്ന സവാരി നടത്തിയ പ്രതികളോട് ട്രാക്ക് ഒഴിവാക്കിത്തരണമെന്ന് അഭ്യർഥിച്ചതിനെ തുടർന്ന് പ്രതികൾ നീനയോട് അസഭ്യവർഷം നടത്തി സ്ത്രീത്വത്തെ അപമാനിക്കുംവിധം മോശമായി പെരുമാറി. സംഭവമറിഞ്ഞ് സ്റ്റേഡിയത്തിലെത്തിയ പൊലീസ് നീനയുടെ പരാതിപ്രകാരം കേസെടുത്തു. സ്ത്രീയോട് മോശമായി പെരുമാറിയ കുറ്റം ചുമത്തിയാണ് അറസ്റ്റെന്ന് പാലാ എസ്എച്ച്ഒ കെ പി തോംസൺ അറിയിച്ചു. പ്രതികളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.