തിരുവനന്തപുരം
യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ പുകമറ സൃഷ്ടിക്കാൻ ഉന്നയിച്ച ദുരാരോപണത്തിന് കുട പിടിക്കാൻ നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വിഫലശ്രമം. കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തലിൽ സംസ്ഥാന സർക്കാർ സിബിഐ അന്വേഷണം ആവശ്യപ്പെടണമെന്നുകാട്ടി സബ്മിഷൻ അവതരണത്തിന് നോട്ടീസ് നൽകി.
സംസ്ഥാന സർക്കാരിന്റെ പ്രാഥമിക പരിഗണനയിൽപോലും വരാത്ത കാര്യമാണ് നോട്ടീസിൽ ഉന്നയിച്ചതെന്ന് നിയമമന്ത്രി പി രാജീവ് ചൂണ്ടിക്കാട്ടി. കോൺസുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തലായി പ്രചരിക്കപ്പെട്ടത്. വിദേശകാര്യം, കോൺസുലേറ്റ് പ്രവർത്തനം തുടങ്ങിയവ പൂർണമായും കേന്ദ്രവിഷയമാണെന്നും ഭരണഘടന ഉദ്ധരിച്ച് മന്ത്രി വിശദീകരിച്ചു. സംസ്ഥാന സർക്കാരിന്റെ പ്രാഥമിക പരിഗണനയിൽ വരാത്ത ഒരുകാര്യവും നോട്ടീസിൽ പരാമർശിക്കാൻ പാടില്ലെന്ന ചട്ടം നിലനിൽക്കെ, പൂർണമായും കേന്ദ്രത്തിന്റെ അധികാരത്തിലുള്ളതാണെന്ന് ഭരണഘടന വ്യവസ്ഥ ചെയ്തിട്ടുള്ള വിഷയം, സബ്മിഷനായി അവതരിപ്പിക്കാൻ അനുവദിച്ചാൽ ചട്ടം ലംഘിക്കപ്പെടും. ചട്ടവിരുദ്ധമായി കാര്യങ്ങൾ സഭയിൽ അനുവദിക്കപ്പെട്ടാൽ അത് കീഴ്വഴക്കമായി വ്യാഖ്യാനിക്കപ്പെടും. കീഴ്വഴക്കം ഒരു അവകാശവാദമായി പിന്നീട് എല്ലാ ഘട്ടത്തിലും ഉയരാം. ഉന്നയിക്കപ്പെടുന്ന ഏത് പ്രശ്നത്തിനും മറുപടി പറയാൻ സർക്കാർ മടികാട്ടാറില്ലെന്നതും പി രാജീവ് ക്രമപ്രശ്നമായി ഉന്നയിച്ചു.
ഇതേ സമ്മേളനകാലത്ത് അടിയന്തര പ്രമേയ അവതരണത്തിന് അനുമതി നൽകി, സഭ വിശദമായി ചർച്ച ചെയ്ത് തള്ളിയ വിഷയമാണ് വീണ്ടും ഉന്നയിക്കുന്നതെന്ന ചട്ടലംഘനം മാത്യു ടി തോമസും ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന് അധികാരമുള്ള കാര്യമാണ് താൻ ഉന്നയിക്കുന്നതെന്നായി സതീശന്റെ വാദം. നോട്ടിസിലെ ചട്ടലംഘന പ്രശ്നങ്ങൾ മാറ്റിവച്ച്, സിബിഐ അന്വേഷണ വിഷയംമാത്രം പരിഗണിക്കണമെന്ന ആവശ്യം എൻ ഷംസുദീനും ഉന്നയിച്ചു. ചട്ടലംഘനമുള്ളതിനാൽ സബ്മിഷൻ അനുവദിക്കാനാകില്ലെന്ന് സ്പീക്കർ എം ബി രാജേഷ് തീർപ്പ് നൽകി. തുടർന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.