കൊച്ചി
മലയാളസിനിമാ മേഖലയിൽ കോവിഡ് നിയന്ത്രണം നീങ്ങിയശേഷമുള്ള തകർച്ചയെച്ചൊല്ലി സിനിമാസംഘടനകൾക്കിടയിൽ അഭിപ്രായവ്യത്യാസം. ദിവസവേതനക്കാർ ഒഴികെയുള്ള സാങ്കേതിക കലാകാരന്മാരുടെയും താരങ്ങളുടെയും പ്രതിഫലം ഉയർന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് നിർമാതാക്കൾ അഭിപ്രായപ്പെടുന്നു. തിയറ്ററുകളെ അവഗണിച്ച് ഒടിടിക്കുപിന്നാലെ പോയത് തകർച്ചയ്ക്ക് വേഗംകൂട്ടിയെന്ന് തിയറ്റർ ഉടമകളും. പൊതുവിലുള്ള സാമ്പത്തികപ്രയാസം സിനിമാരംഗത്തും പ്രതിഫലിക്കുന്നതാണെന്നും യുക്തമായ മാറ്റങ്ങൾ കൈക്കൊള്ളണമെന്നും സാങ്കേതികപ്രവർത്തകരുടെ സംഘടന അഭിപ്രായപ്പെടുന്നു. സിനിമാമേഖലയിലെ പ്രതിസന്ധി ചർച്ച ചെയ്യാൻ 15ന് കേരള ഫിലിം ചേംബർ യോഗം വിളിച്ച സാഹചര്യത്തിലാണ് സിനിമാസംഘടനകളുടെ പ്രതികരണം.
കോവിഡ് നിയന്ത്രണശേഷമുള്ള മലയാളസിനിമ അടിമുടി തകർച്ചയിലാണെന്നതിനോട് എല്ലാവർക്കും യോജിപ്പാണ്. കാരണങ്ങളെച്ചൊല്ലിയാണ് ഭിന്നത. ഈവർഷം പുറത്തുവന്ന 77 ചിത്രങ്ങളിൽ അഞ്ചെണ്ണം മാത്രമാണ് സാമ്പത്തികവിജയം നേടിയത്. 37 എണ്ണം ഒടിടി റിലീസായിരുന്നു. നിലംപൊത്തിയവയിൽ താരസിനിമകളുമുണ്ട്. മൊഴി മാറ്റിയ 777 ചാർലി, ഇതരഭാഷാ ബിഗ്ബജറ്റ് ചിത്രങ്ങളായ കെജിഎഫ്2, വിക്രം, ആർആർആർ, വിദേശചിത്രങ്ങളായ മാർവൽസ് മൾട്ടി യൂണിവേഴ്സ്, ബാറ്റ്മാൻ, സ്പൈഡർമാൻ നോവേ ഹോം തുടങ്ങിയവ വൻ കലക്ഷൻ നേടി. പ്രേക്ഷകരെ തിയറ്ററിലേക്കെത്താൻ പ്രേരിപ്പിക്കുന്ന ഇത്തരം വമ്പൻ പ്രൊഡക്ഷനുകൾ മലയാളത്തിൽ ഉണ്ടായില്ലെന്ന് തിയറ്റർ ഉടമാ സംഘടനയായ ഫിയോക് പ്രസിഡന്റ് കെ വിജയകുമാർ പറഞ്ഞു. നിർമാതാക്കൾ ഒടിടിക്കായി തട്ടിക്കൂട്ടുസിനിമ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു. ഇത്തരം സിനിമകൾ പ്രേക്ഷകൻ ആഗ്രഹിച്ച ദൃശ്യാനുഭവം നൽകിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
നിർമാണച്ചെലവിന്റെ 70 ശതമാനം താരങ്ങൾക്ക് നൽകേണ്ടിവരുന്നത് സിനിമയുടെ മേന്മ കുറയ്ക്കുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം രഞ്ജിത് പറഞ്ഞു. കോവിഡിനുശേഷം എല്ലാവരും പ്രതിഫലം ഉയർത്തി. നിർമാതാക്കളുടെ കൂട്ടായ്മയിലൂടെ ബിഗ് ബജറ്റ് സിനിമകൾ നിർമിക്കാൻ ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സിനിമാമേഖലയിലെ പ്രതിസന്ധി എല്ലാ പരിധിയുംവിട്ട അവസ്ഥയിലാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. കോവിഡ് അനന്തര കാലത്തിന്റെ സവിശേഷതകൂടിയാണത്. നിർമാതാക്കളെമുതൽ പ്രേക്ഷകനെവരെ അത് ബാധിച്ചിട്ടുണ്ട്. മലയാളസിനിമയുടെ ചെറിയ വിപണിപരിധിയിൽനിന്ന് ഇതിനെയെല്ലാം സംബോധന ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.