ന്യൂഡൽഹി
പുതിയ പാർലമെന്റ് മന്ദിരത്തിനു മുകളിലായി പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത ദേശീയ ചിഹ്നത്തിലെ സിംഹമുഖങ്ങൾക്ക് രൂപമാറ്റം വരുത്തിയെന്ന ആക്ഷേപം ശക്തം. സാരനാഥിലെ നാല് സിംഹങ്ങളോടുകൂടിയ അശോകസ്തംഭമാണ് ഇന്ത്യയുടെ ദേശീയ ചിഹ്നം. അശോകസ്തംഭത്തിലെ സിംഹങ്ങൾക്ക് സമാധാനത്തിന്റെ പ്രതീകമെന്ന നിലയിൽ ശാന്തഭാവമാണ്. എന്നാല്‍ പാർലമെന്റിൽ മോദി സ്ഥാപിച്ച സിംഹരൂപങ്ങൾ തേറ്റ കാട്ടി ക്രൗര്യരൂപത്തിലാണ്.
ചരിത്രകാരൻ ഇർഫാൻ ഹബീബ്, രാജ്യസഭാംഗവും ഏറ്റവും ദീർഘനാൾ സാംസ്കാരികവകുപ്പ് സെക്രട്ടറിയുമായിരുന്ന ജവഹർ സിർക്കർ തുടങ്ങി നിരവധി പ്രമുഖർ ദേശീയ ചിഹ്നത്തിന്റെ രൂപമാറ്റത്തെ വിമർശിച്ച് രംഗത്തുവന്നു. രാജകീയഭാവത്തിൽ ആത്മവിശ്വാസം തുടിക്കുന്ന അശോകചക്രവർത്തിയുടെ സിംഹങ്ങൾ ഏറെ ആകർഷണീയമാണെന്നും എന്നാൽ മോദിയുടെ സിംഹങ്ങൾ ആക്രമണഭാവത്തിൽ അമറുന്നതും രൂപഭംഗി ഇല്ലാത്തതുമാണെന്നും സിർക്കർ ട്വിറ്ററിൽ കുറിച്ചു. ദേശീയ ചിഹ്നം വരെ മാറ്റിമറിക്കാന്‍ തുനിഞ്ഞത് ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ഇർഫാൻ ഹബീബ് പ്രതികരിച്ചു. ഹിംസാത്മകമായ ദേഷ്യഭാവം നമ്മുടെ സിംഹങ്ങൾക്ക് എന്തിനാണെന്നും ഹബീബ് ആരാഞ്ഞു.
ഗാന്ധിജിയിൽനിന്ന് ഗോഡ്സെയിലേക്കുള്ള രൂപമാറ്റമാണ് ഇതെന്ന് പ്രശാന്ത് ഭൂഷൺ പ്രതികരിച്ചു. അശോകന്റെ സിംഹങ്ങൾക്ക് ഉജ്വലമായ ശാന്തഭാവമാണ്. എന്നാൽ, മോദിയുടെ സിംഹങ്ങളാകട്ടെ തേറ്റ കാട്ടിയുള്ള ദേഷ്യഭാവത്തിലാണ്. ഇതാണ് മോദിയുടെ നവഇന്ത്യ–- ഭൂഷൺ പറഞ്ഞു. പാർലമെന്റിൽ സ്ഥാപിച്ചത് സാരനാഥിലെ സിംഹങ്ങളാണോ അതോ ഗീർവനത്തിൽനിന്നുള്ള രൂപമാറ്റം സംഭവിച്ച സിംഹങ്ങളാണോ എന്ന് കോൺഗ്രസ് ലോക്സഭാ നേതാവ് അധിർരഞ്ജൻ ചൗധുരി ആരാഞ്ഞു.
അതേസമയം, പാർലമെന്റിലെ സിംഹരൂപങ്ങളെ ന്യായീകരിച്ച് ബിജെപി രംഗത്തുവന്നു. സാരനാഥിലെ സിംഹരൂപങ്ങളുടെ തനിപ്പകർപ്പാണ് പാർലമെന്റിൽ സ്ഥാപിച്ചിരിക്കുന്നതെന്നും വിവാദം അനാവശ്യമാണെന്നും ബിജെപി വക്താവ് അനിൽ ബലൂണി പറഞ്ഞു.