ടോക്യോ
കൊല്ലപ്പെട്ട മുൻ പ്രധാനമന്ത്രി ഷിൻസോ അബെയ്ക്ക് യാത്രാമൊഴിയേകി ജപ്പാന്. ടോക്യോയിലെ സൊജോജി ക്ഷേത്രത്തിൽ നടന്ന പ്രത്യേക ചടങ്ങുകൾക്കുശേഷം കിരിഗയ ശ്മശാനത്തിലായിരുന്നു സംസ്കാരം. കുടുംബാംഗങ്ങളുംപ്രധാനമന്ത്രി ഫുമിയോ കിഷിദും ലിബറൽ ഡെമോക്രാറ്റിക് പാർടിയുടെ മറ്റ് പ്രധാന നേതാക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
സൊജോജി ക്ഷേത്രത്തിൽനിന്ന് വിലാപയാത്രയായി കറുത്ത വാഹനത്തില്‍ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകെ നിരത്തിനിരുവശവും ആയിരങ്ങള്‍ നേതാവിന് അന്ത്യാഞ്ജലി അർപ്പിച്ചു. അബെയുടെ ഭാര്യ അകീ അബെ വാഹനത്തിന്റെ മുൻസീറ്റിലിരുന്ന് ജനങ്ങളെ പ്രത്യഭിവാദ്യം ചെയ്തു.അബെയുടെ കൊലയാളി തെത്സുയ യമഗാമി പൊലീസ് കസ്റ്റഡിയിലാണ്. രാജ്യത്തെ പ്രധാന രാഷ്ട്രീയ നേതാക്കളുടെയും ബിസിനസുകാരുടെയും സുരക്ഷ ശക്തമാക്കാന്‍ പൊലീസ് മേധാവി ഉത്തരവിട്ടു. വെള്ളിയാഴ്ച നര പട്ടണത്തിൽ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കവെയാണ് അബെ വെടിയേറ്റ് മരിച്ചത്.