കൊച്ചി
കണ്ണൂർ വളപട്ടണം ഐഎസ് കേസിലെ മൂന്നു പ്രതികളും കുറ്റക്കാരാണെന്ന് കൊച്ചി എൻഐഎ പ്രത്യേക കോടതി കണ്ടെത്തി. ചക്കരക്കല്ല് മുണ്ടേരി കൈപ്പക്കയിൽ കെ സി മിഥിലാജ്, വളപട്ടണം പള്ളിയത്ത് പണ്ടാരവളപ്പിൽ കെ വി അബ്ദുൽ റസാഖ്, തലശേരി ചിറക്കര യു കെ ഹംസ എന്നിവർക്കെതിരെയാണ് ഗൂഢാലോചനക്കുറ്റം ഉൾപ്പെടെ തെളിഞ്ഞത്. ഇവർക്കുള്ള ശിക്ഷ വെള്ളി പകൽ 2.30ന് വിധിക്കും. തീവ്രവാദസംഘടനയായ ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തുവെന്നും സിറിയയിലേക്ക് പോകാനും സിറിയൻ സർക്കാരിനെതിരെ യുദ്ധം ചെയ്യാനും ഗൂഢാലോചന നടത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
ഐപിസി 120 ബി, 125 എന്നീ വകുപ്പുകളും യുഎപിഎയിലെ 38, 39, 40 വകുപ്പുകളും ചുമത്തിയിട്ടുണ്ട്. 2015–-16 കാലയളവിലാണ് പ്രതികൾ വളപട്ടണം, മുണ്ടേരി, മലപ്പുറം, പെരുമ്പാവൂർ എന്നിവിടങ്ങളിലായി ഐഎസുമായി ബന്ധപ്പെട്ട് യോഗം ചേരുകയും റിക്രൂട്ടിങ് ഉൾപ്പെടെ സംഘടിപ്പിക്കുകയും ചെയ്തത്. 2017 ഒക്ടോബറിൽ വളപട്ടണം പൊലീസ് പ്രതികളെ പിടികൂടി. കേസ് പിന്നീട് എൻഐഎ ഏറ്റെടുത്തു. അഞ്ചു പ്രതികളുണ്ടായിരുന്ന കേസിൽ മൂന്നാംപ്രതി പടന്നോട്ട്മെട്ട എംവി ഹൗസിൽ എം വി റാഷിദ്, നാലാംപ്രതി തലശേരി സ്വദേശി മനാഫ് റഹ്മാൻ എന്നിവർ മാപ്പുസാക്ഷികളായി. എൻഐഎ ഡിവൈഎസ്പി വി കെ അബ്ദുൾ ഖാദർ കുറ്റപത്രം സമർപ്പിച്ചു. 2019 സെപ്തംബർ പതിനാറിനാണ് വിചാരണ ആരംഭിച്ചത്. 147 സാക്ഷികളെയും മൊബൈൽഫോണുകൾ, ലാപ്ടോപ് തുടങ്ങിയ ഡിജിറ്റൽ രേഖകൾ ഉൾപ്പെടെയുള്ള 243 രേഖകളും 41 തൊണ്ടിമുതലും കോടതിയിൽ ഹാജരാക്കി.
രണ്ടുവർഷവും 10 മാസവും വിചാരണ നീണ്ടു. അഞ്ചുവർഷമായി ജയിലിൽ കഴിയുന്നതിനാൽ ശിക്ഷയിൽ ഇളവ് വേണമെന്ന് പ്രതികൾ ആവശ്യപ്പെട്ടു. എന്നാൽ, പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പ്രോസിക്യൂഷനുവേണ്ടി എൻഐഎ അഭിഭാഷകൻ പി ജി മനു ഹാജരായി.